സ്വച്ഛ് വായു റാങ്കിംഗ് 2026; ലഖ്‌നൗ ഒന്നാമത്, ഡൽഹി 21ാം സ്ഥാനത്ത്

ന്യൂഡൽഹി : വായുമലിനീകരണമില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ആദ്യ 15ൽ പോലും ഇടംപിടിക്കാതെ രാജ്യതലസ്ഥാനമായ ഡൽഹി. 2026ലെ ‘സ്വച്ഛ് വായു സർവേക്ഷൺ’ റാങ്കിംഗിൽ 21ാം സ്ഥാനത്താണ് തലസ്ഥാന നഗരം. റാങ്കിംഗിൽ ലഖ്‌നൗ ആണ് ഒന്നാം സ്ഥാനത്ത്. ഇൻഡോർ രണ്ടാം സ്ഥാനവും ജബൽപൂരിന് മൂന്നാം സ്ഥാനവും സ്ഥാനം ലഭിച്ചു.
പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരമാണ് സ്വച്ഛ് വായു സർവേക്ഷണിൽ വിലയിരുത്തുന്നത്. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ നഗരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ക്ലീൻ എയർ പ്രോഗ്രാം പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. വായു ഗുണനിലവാര നിലവാരത്തെ മാത്രം അടിസ്ഥാനമാക്കിയല്ല, മലിനീകരണം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനും നഗരങ്ങൾ സ്വീകരിച്ച നടപടികളും റാങ്കിംഗിനായി വിലയിരുത്തും.
മഞ്ഞുകാലത്ത് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം പലപ്പോഴും അപകടകരമായ നിലയിലേക്കെത്താറുണ്ട്. വായുവിന്റെ ഗുണനിലവാര സൂചിക പലപ്പോഴും 400 കവിയുകയും ഗുരുതര വിഭാഗത്തിലെത്തുകയും ചെയ്യാറുണ്ട്. ചില അവസരങ്ങളിൽ ഈ സൂചിക 450 കടന്നിട്ടുണ്ട്. ക്ലീൻ എയർ പ്രോഗ്രാമിന്റെ കീഴിൽ വരുന്ന 130 നഗരങ്ങളെയാണ് സ്വച്ഛ് വായു സർവേക്ഷൻ 2026 വിലയിരുത്തിയത്.









0 comments