ട്രംപിന്റെ മാധ്യമ വിലക്കിൽ പ്രതിഷേധം; വൈറ്റ് ഹൗസ് കവറേജ് ബഹിഷ്കരിച്ച് യുഎസ് ടിവി നെറ്റ്‌വർക്കുകൾ

വാഷിങ്ടൺ: സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളെ നിരോധിച്ചതിനെത്തുടർന്ന്, ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് കവറേജ് ബഹിഷ്കരിച്ച് പ്രമുഖ യുഎസ് ടിവി വാർത്താ ചാനലുകൾ. സിഎൻഎൻ, പോളിറ്റിക്കോ, എംഎസ് നൗ എന്നീ മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടം വിലക്കിയതിൽ പ്രതിഷേധിച്ചാണ് എബിസി, സിബിഎസ്, ഫോക്സ് ന്യൂസ്, എൻബിസി തുടങ്ങിയ യുഎസ് ടെലിവിഷൻ നെറ്റ്‌വർക്കുകൾ വൈറ്റ് ഹൗസ് കവറേജ് ബഹിഷ്കരിച്ചത്.
പൂൾ ബ്രോഡ്കാസ്റ്ററായ സിഎൻഎന്നിനെ നിരോധിച്ചതോടെ, അഞ്ച് നെറ്റ്‌വർക്കുകളുടെയും സംയുക്ത സമിതി വൈറ്റ് ഹൗസ് പരിപാടികളുടെ സംപ്രേഷണം നിർത്തിവെച്ചു. ഇതിനാൽ ഹെലിപാഡ് ഉദ്ഘാടന ചടങ്ങിൽ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ ശബ്ദമില്ലാതെ വീഡിയോ മാത്രമാണ് തത്സമയം സംപ്രേഷണം ചെയ്തത്.
വിലക്കിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ദി വാഷിംഗ്ടൺ പോസ്റ്റ്, ദി ന്യൂയോർക്ക് ടൈംസ്, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ വൈറ്റ് ഹൗസിൽ നിന്നുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് അർദ്ധരാത്രി വരെ വൈകിപ്പിച്ചു. എന്നാൽ മാധ്യമങ്ങൾ "വ്യാജ വാർത്തകളും നുണകളും" പ്രചരിപ്പിക്കുകയാണെന്നും, മാധ്യമ സ്വാതന്ത്ര്യത്തെ തടയാനല്ല മറിച്ച് "ദേശീയ സുരക്ഷ" മുൻനിർത്തിയാണ് വിലക്കേർപ്പെടുത്തിയതെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.
വിലക്ക് താത്കാലികമായി നീക്കാനും മാധ്യമപ്രവർത്തകരുടെ പാസുകൾ പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ട് സിഎൻഎൻ, പോളിറ്റിക്കോ, എംഎസ് നൗ എന്നിവർ കോടതിയെ സമീപിച്ചു. നിരവധി മാധ്യമ സംഘടനകൾ ട്രംപിന്റെ നടപടിയെ അപലപിച്ചു.









0 comments