ad
Deshabhimani

ആലപ്പുഴയിൽ ഹൗസ്ബോട്ട് കത്തിയ സംഭവം; തീ പടർന്നത്‌ പാറ്റയെ കൊല്ലാൻ കത്തിച്ച തിരിയിൽനിന്ന്​

House Boat
വെബ് ഡെസ്ക്

Published on Sep 22, 2026, 06:54 AM | 1 min read

​ആലപ്പുഴ : വേമ്പനാട്ട്‌ കായലിൽ പുരവഞ്ചി‌ തീപിടിച്ച്‌ നശിച്ചതിൽ 75 ലക്ഷം രൂപയുടെ നഷ്‌ടം. പാറ്റയെ കൊല്ലാൻ കത്തിച്ചുവച്ച തിരിയിൽനിന്ന്‌​ തീ പടർന്നെന്നാണ് പ്രാഥമികനിഗമനം. ഞായർ രാത്രി 8.45ന്‌ ചുങ്കം-പള്ളാത്തുരുത്തി റോഡിൽ വട്ടുപറമ്പിൽ ക്ഷേത്രത്തിന്‌ സമീപത്താണ്‌ സംഭവം. എ സി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, ജനറേറ്റർ, അടുക്കളയിലെ സാധനങ്ങളടക്കം പൂർണമായും കത്തിനശിച്ചു. ഇരുനിലകളിലായി മൂന്ന്‌ മുറിയുള്ള ശീതീകരിച്ച പുരവഞ്ചി‌യാണ്​ പൂർണമായും കത്തിയമർന്ന്‌ വെള്ളത്തിൽ മുങ്ങിയത്‌.


സഞ്ചാരികളെ ഇറക്കിയശേഷം ജനറേറ്ററിലും പുരവഞ്ചിയുടെ എൻജിനിലും ജീവനക്കാർ ഇന്ധനം നിറച്ചു. ബാക്കിയുള്ളവ അലസ്യമായി സൂക്ഷിച്ചതാണ്‌ അപകടം വർധിക്കാൻ കാരണമായത്‌. ആലപ്പുഴ സ്വദേശി റെജീഷിന്റെ ​പുരവഞ്ചി‌യാണ് കത്തിനശിച്ചത്. അഞ്ചുവർഷം മുമ്പാണ്​ നീറ്റിലിറക്കിയത്. നിലവിൽ മറ്റൊരാൾക്ക് വാടകയ്‌ക്ക് നൽകിയിരിക്കുകയായിരുന്നു. ഈമാസം ആദ്യം പള്ളാത്തുരുത്തിയിൽ നിർത്തിയിട്ട മൂന്ന് പുരവഞ്ചി കത്തിനശിച്ചിരുന്നു.​

പുന്നമടയിൽ അ​ഗ്നിരക്ഷാസേന യൂണിറ്റ്‌ സ്ഥാപിക്കണം: ഹ‍ൗസ്‌ ബോട്ട്‌ ഓണേഴ്‌സ്‌ സമിതി


വേമ്പനാട്ടു കായലിൽ പുരവഞ്ചികൾക്ക്‌ തീപിടിക്കുന്നത്‌ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുന്നമട ഫിനിഷിങ്‌ പോയിന്റിൽ അഗ്‌നിരക്ഷാസേന യൂണിറ്റ്‌ സ്ഥാപിക്കണമെന്ന്‌ കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി ആവശ്യപ്പെട്ടു. ജില്ലയിൽ 1500ലധികം പുരവഞ്ചികളുണ്ട്‌. അതിൽ നേരിട്ടും അല്ലാതെയുമായി പതിനായിരക്കണക്കിന് പേരാണ്‌ ജോലിയെടുക്കുന്നത്‌. ചിലർ ഹൗസ്‌ബോട്ടിലാണ് താമസിക്കുന്നത്‌. സെപ്തംബറിൽ മാത്രം രണ്ട്‌ അപകടത്തിലായി നാല്‌ ഹൗസ്‌ബോട്ടുകൾ നശിച്ചു. കൂടുതൽ അപകടം ഒഴിവാക്കാൻ പുരവഞ്ചികൾ നിർത്തിയിടുന്ന സ്ഥലത്ത്‌ അഗ്‌നിരക്ഷാസേനയുടെ യൂണിറ്റ്‌ അനുവദിക്കണമെന്ന്‌ സംസ്ഥാന പ്രസിഡന്റ് എം അനസും സെക്രട്ടറി എം ലിജുവും ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home