ad
Deshabhimani

സമാധാന ചർച്ചകൾക്ക് പുല്ലുവില; ഹോർമുസിൽ കപ്പലുകൾ പിടിച്ചെടുക്കുമെന്ന് അമേരിക്കയുടെ ഭീഷണി

Hormuz.jpg
വെബ് ഡെസ്ക്

Published on Apr 13, 2026, 08:17 PM | 1 min read

തെഹ്‌റാൻ: പശ്ചിമേഷ്യയെ കൂടുതൽ യുദ്ധഭീതിയിലാഴ്ത്തി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുക്കുമെന്ന ഭീഷണിയുമായി അമേരിക്ക. സംഘർഷ ബാധിത പ്രദേശം കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും പതാക നോക്കാതെ തടയുമെന്നും പിടിച്ചെടുക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.


ഹോർമുസ് ഉപരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ആഗോള എണ്ണവിപണിയെ സ്തംഭിപ്പിക്കുമെന്ന ആശങ്ക ശക്തമായിരിക്കെയാണ് ഈ പ്രകോപനം. അതേസമയം, അമേരിക്കയുടെ യുദ്ധക്കൊതിയെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കി. ഇറാനെതിരായ യുദ്ധത്തിനോ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനോ തങ്ങളില്ലെന്ന് ബ്രിട്ടൻ അറിയിച്ചു.


ഹോർമുസ് തുറന്നിടേണ്ടത് അത്യാവശ്യമാണെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബ്രിട്ടൻ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന നിർണ്ണായക സമാധാന ചർച്ചകൾ പരാജയപ്പെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.


47 വർഷത്തിനിടെ നടന്ന ഏറ്റവും പ്രതീക്ഷാജനകമായ ചർച്ചയായിരുന്നു കഴിഞ്ഞതെന്നും സമാധാന കരാറിന് തൊട്ടടുത്ത് വരെ എത്തിയതാണെന്നും ഇറാൻ വ്യക്തമാക്കി. കരാർ ധാരണയാകുന്നതിന് തൊട്ടുമുമ്പ് അമേരിക്ക നിലപാട് മാറ്റിയതാണ് ചർച്ച പരാജയപ്പെടാൻ കാരണം.


യുറേനിയം നിർമ്മാണം നിർത്തണമെന്ന തങ്ങളുടെ പ്രധാന ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെന്നാണ് യുഎസ് സംഘത്തിന്റെ വാദം. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ 21 മണിക്കൂറോളമാണ് ചർച്ച നടന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.


അഞ്ച് പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും ഉന്നതതല ചർച്ച പരാജയപ്പെട്ടതോടെ മേഖലയിൽ വീണ്ടും യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. ശത്രുത ശത്രുതയെ ജനിപ്പിക്കുന്നുവെന്നും അമേരിക്കയുടെ നിലപാടിൽ സമാധാനത്തോടുള്ള ആത്മാർത്ഥതയില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home