യുഎസ് ചർച്ച പ്രഹസനം; വഴങ്ങില്ലെന്ന് ഹിസ്ബുള്ള

ബെയ്‌റൂത്ത് : ലെബനനുമേൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുമായി നടത്തുന്ന ചർച്ചകൾ പ്രഹസനമാണെന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസം. ചർച്ചകൊണ്ട് ഫലമില്ലെന്നും കൂടിക്കാഴ്ചയിൽനിന്ന് ലെബനൻ സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഷിങ്‌ടണിൽ ലെബനൻ–ഇസ്രയേൽ അംബാസഡർമാർ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നയീം ഖാസമിന്റെ കർശന നിലപാട്.
ഹിസ്ബുള്ളയെ നിരായുധരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറയുന്നു. ലക്ഷ്യം മുൻകൂട്ടി നിശ്ചയിച്ച ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ല. ഞങ്ങൾ വിശ്രമിക്കില്ല, പോരാട്ടം അവസാനിപ്പിക്കില്ല, കീഴടങ്ങുകയുമില്ല. പടനിലങ്ങൾ സംസാരിക്കട്ടെ– നയീം ഖാസം ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലെബനനും ഇസ്രയേലും തമ്മിൽ വാഷിങ്ടണിൽ വച്ച് നയതന്ത്ര ചർച്ചകൾ നടത്തുമെന്ന് വ്യക്തമാക്കിയത്. ചർച്ചയിൽ യുഎസിലെ ഇസ്രായേൽ അംബാസഡർ യെച്ചീൽ ലീറ്റർ, യുഎസിലെ ലെബനീസ് അംബാസഡർ നദാ ഹമാദെ മൊവാദ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ പങ്കെടുക്കും. 1993 ലാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനമായി ചർച്ച നടന്നത്.
ലെബനനിൽ നടന്ന ഇസ്രയേലി ആക്രമണങ്ങളിൽ ഇതുവരെ 2,089 പേരാണ് കൊല്ലപ്പെട്ടത്. 252 സ്ത്രീകളും 166 കുട്ടികളും 88 മെഡിക്കൽ ജീവനക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 6,762 പേർക്ക് പരിക്കേറ്റു. പത്ത് ലക്ഷത്തിലധികം പേർ പലായനം ചെയ്തു. ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നിരുന്നു. ഇറാനിലെ വെടിനിർത്തൽ കരാർ ലെബനന് ബാധകമല്ലെന്നായിരുന്നു നെതന്യാഹുവിന്റെ വാദം. എന്നാൽ ലെബനനിൽ വെടിനിർത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.










0 comments