ഇസ്രയേലിന് ആയുധം നൽകാനുള്ള നീക്കം: സെനറ്റിൽ ട്രംപിന് തിരിച്ചടി; 40 ഡെമോക്രാറ്റുകൾ പ്രമേയത്തെ എതിർത്തു

വാഷിംഗ്ടൺ: ഇസ്രയേലിന് സൈനിക സഹായവും ആയുധങ്ങളും നൽകാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് അമേരിക്കൻ സെനറ്റിൽ വൻ തിരിച്ചടി. ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നത് തടയാൻ സ്വതന്ത്ര സെനറ്റർ ബേണി സാൻഡേഴ്‌സ് കൊണ്ടുവന്ന പ്രമേയത്തെ ഭൂരിഭാഗം ഡെമോക്രാറ്റുകളും പിന്തുണച്ചു.
47 ഡെമോക്രാറ്റ് പ്രതിനിധികളുള്ള സെനറ്റിൽ 40 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് ട്രംപ് ഭരണകൂടത്തിന് കനത്ത പ്രഹരമായി. നെതന്യാഹു ഭരണകൂടം നടത്തുന്ന 'നിയമവിരുദ്ധ യുദ്ധങ്ങൾക്ക്' അമേരിക്കൻ നികുതിപ്പണം ഉപയോഗിക്കുന്നത് തടയണമെന്ന നിലപാടിലാണ് സെനറ്റർമാർ.
ഡെമോക്രാറ്റിക് കോക്കസിലെ 80 ശതമാനത്തിലധികം അംഗങ്ങളും ഇസ്രയേലിനുള്ള സഹായം തടയണമെന്ന പ്രമേയത്തെ അനുകൂലിച്ചു. ആദ്യഘട്ടങ്ങളിൽ ട്രംപിന്റെ ഇത്തരം നീക്കങ്ങളെ വെറും 11 പേർ മാത്രമാണ് എതിർത്തിരുന്നത്. എന്നാൽ ഗാസയിലും ലബനനിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ എണ്ണം 40 ആയി ഉയർന്നു.
അമേരിക്കൻ ജനതയുടെ നികുതിപ്പണം ആയുധങ്ങൾക്കായി വിനിയോഗിക്കരുതെന്നും അത് സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു. നെതന്യാഹുവിന്റെ ആക്രമണങ്ങളിൽ നിഷ്കളങ്കരായ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയാണെന്നും ഇത്തരം ക്രൂരതകൾക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി.
സെനറ്റിലെ വോട്ടെടുപ്പിന് ശേഷം ബേണി സാൻഡേഴ്‌സ് എക്സിലൂടെ തന്റെ നിലപാട് വ്യക്തമാക്കി. അമേരിക്കക്കാർ എന്ന നിലയിലാണ് ഞങ്ങൾ ഈ യുദ്ധസഹായങ്ങളെ എതിർക്കുന്നത്. ഇതിൽ പാർട്ടി വ്യത്യാസമില്ല.
ഇസ്രയേലിലെ തീവ്ര വലതുപക്ഷ സർക്കാർ നടത്തുന്ന ക്രൂരതകൾക്കായി അമേരിക്കൻ നികുതിപ്പണം നൽകേണ്ടതില്ലെന്ന് ഭൂരിഭാഗം ഡെമോക്രാറ്റുകളും തീരുമാനിച്ചിരിക്കുന്നു. നമ്മൾ പുരോഗതി കൈവരിക്കുകയാണെന്ന് സാൻഡേഴ്‌സ് കുറിച്ചു.
റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പരാജയപ്പെട്ടെങ്കിലും, ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെ ഡെമോക്രാറ്റുകൾക്കിടയിൽ രൂപപ്പെടുന്ന ശക്തമായ ഐക്യം വരുംദിവസങ്ങളിൽ യുഎസ് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.










0 comments