print edition റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് നീട്ടി യുഎസ്

വാഷിങ്‌ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഇളവ് നീട്ടി അമേരിക്ക. ഏപ്രിൽ 17-നോ അതിന് മുൻപോ കടലിൽ യാത്ര തിരിച്ച റഷ്യൻ എണ്ണക്കപ്പലുകൾക്ക് മേയ് 16 വരെ ഇളവ് ബാധകമാണെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്‌ച രാത്രി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
ഇറാൻ, ഉത്തര കൊറിയ, ക്യൂബ, ഉക്രയ്‌നിന്റെ ചില ഭാഗങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ ഉൾപ്പെടുന്ന ഇടപാടുകൾക്ക് അനുമതി ബാധകമല്ലെന്നും ഉത്തരവിൽ പറഞ്ഞു. ഇറാൻ–അമേരിക്ക സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് നീക്കം. മാർച്ച് അഞ്ച് മുതൽ ഒരു മാസത്തേക്ക് ഇന്ത്യക്ക് മാത്രമായി റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക ഇളവ് നൽകിയിരുന്നു. പിന്നീട് മറ്റ് ചില രാജ്യങ്ങൾക്കും സമാനമായ ഇളവ് ലഭിച്ചെങ്കിലും കാലാവധി ഏപ്രിൽ 11-ന് അവസാനിച്ചിരുന്നു.
അതേസമയം യുദ്ധത്തെ തുടർന്ന് ഏഴ് ആഴ്‌ചയായി അടച്ചിട്ടിരുന്ന വ്യോമപാത ഭാഗികമായി തുറക്കുമെന്ന് ഇറാൻ. ശനി രാവിലെ ഏഴ് മുതൽ കിഴക്കൻ ഇറാനിലൂടെയുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ ഓർഗനൈസേഷനെ ഉദ്ധരിച്ച് ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്‌തു.
ഫെബ്രുവരി 28 മുതൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം തുടങ്ങിയതിനെത്തുടർന്നാണ് വ്യോമപാത അടച്ചത്. നിലവിൽ അമേരിക്കയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരാഴ്‌ച പിന്നിടുമ്പോഴാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഇറാൻ തീരുമാനിച്ചത്.
പാക്, സൗദി, തുർക്കിയ, ഈജിപ്ത് മന്ത്രിമാർ കൂടിക്കാഴ്‌ച നടത്തി
അന്റാലിയ: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് പാകിസ്‌താൻ ആതിഥേയത്വം വഹിക്കാനിരിക്കെ, പാകിസ്‌താൻ, സൗദി അറേബ്യ, തുർക്കിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ കൂടിക്കാഴ്‌ച നടത്തി.
നയതന്ത്ര നീക്കങ്ങളിലൂടെയും ചർച്ചകളിലൂടെയും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ നാല് രാജ്യങ്ങളും തീരുമാനിച്ചു. തുർക്കിയയിൽ നടന്ന അന്റാലിയ നയതന്ത്ര ഫോറത്തിന് അനുബന്ധമായി നടന്ന കൂടിക്കാഴ്‌ചയിൽ പാക് വിദേശകാര്യ ഇഷാഖ് ദർ, സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, തുർക്കിയ വിദേശമന്ത്രി ഹകൻ ഫിദാൻ, ഈജിപ്ത് വിദേശ മന്ത്രി ബദർ അബ്‌ദെലാത്തി എന്നിവർ പങ്കെടുത്തു.
സഹകരണം വർധിപ്പിക്കുന്നതിനും ഏകോപനം ശക്തമാക്കുന്നതിനും നാല് രാജ്യങ്ങളും തീരുമാനിച്ചു. മേഖലയിലെ സുസ്ഥിരതയും സമാധാനവും ലക്ഷ്യമിട്ടുള്ള സഹകരണ കൂട്ടുകെട്ട് രൂപീകരിക്കണമെന്ന് പാകിസ്ഥാൻ യോഗത്തിൽ ആവശ്യപ്പെട്ടു.
ഇസ്രയേൽ ആക്രമണങ്ങൾ മൂലമുണ്ടായ സാമ്പത്തിക ആഘാതങ്ങളും പ്രാദേശിക സാഹചര്യങ്ങളും മന്ത്രിമാർ വിലയിരുത്തി. നേരത്തെ സൗദി അറേബ്യയിലും പാകിസ്‌താനിലും നടന്ന ചർച്ചകളുടെ തുടർച്ചയാണ് അന്റാലിയയിലെ കൂടിക്കാഴ്‌ച.










0 comments