റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു
print edition യുഎസ് ഭീകരത ; ഗ്രീൻലൻഡിലേക്കും സൈനിക നീക്കം ?

വാഷിങ്‌ടൺ
ഗ്രീൻലൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാൻ സൈനികനീക്കത്തിന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ്. ദേശീയ സുരക്ഷയെന്ന പേരുപറഞ്ഞ് സഖ്യരാജ്യങ്ങളിലും അധിനിവേശത്തിനുള്ള അമേരിക്കയുടെ നീക്കത്തെ യൂറോപ്യൻ നേതാക്കൾ തള്ളി. ട്രംപിന്റെ നീക്കം നാറ്റോയെ നശിപ്പിക്കുമെന്ന് ഡെൻമാർക്ക് മുന്നറിയിപ്പ് നൽകി. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയ്‌ക്ക് പിന്നാലെ യൂറോപ്യൻ സഖ്യരാജ്യങ്ങൾക്കെതിരെയും അമേരിക്ക നടത്തുന്ന നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.
ഗ്രീൻലൻഡിനെ "ഏറ്റെടുക്കുന്നതിനുള്ള’ വിവിധ മാർഗങ്ങൾ അമേരിക്ക പരിഗണിക്കുന്നുണ്ടെന്നും സൈനിക നടപടിയും അക്കൂട്ടത്തിലുണ്ടെന്നുമാണ് വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി കരോലിൻ ലിവിറ്റ് വ്യക്തമാക്കിയത്. ആർട്ടിക് മേഖലയിലെ എതിരാളികളെ തടയേണ്ടത് അത്യാവശ്യമാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്നും ലിവിറ്റ് പറഞ്ഞു. ട്രംപിന്റെ സാമ്രാജ്യത്വ അജൻഡ തള്ളി ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ, ബ്രിട്ടൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്‌താവന പുറപ്പെടുവിച്ചു. ‘ഗ്രീൻലൻഡ് അവിടുത്തെ ജനങ്ങളുടേതാണ്.
ഡെൻമാർക്കിനും ഗ്രീൻലൻഡിനും മാത്രമുള്ളത്. തീരുമാനമെടുക്കേണ്ടത് അവരാണ്’– പ്രസ്‌താവനയിൽ പറഞ്ഞു. ഗ്രീൻലൻഡ് വിൽപ്പനയ്‌ക്കുള്ളതല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്ക് ഗ്രീൻലൻഡ് പ്രധാനമന്ത്രി യെൻസ്- ഫ്രെഡറിക് നീൽസൺ മറുപടി നൽകി.
ഗ്രീൻലൻഡിനെതിരായ യുഎസ് നീക്കം വടക്കൻ അറ്റ്‌ലാന്റിക് ബ്ലോക്കിന്റെ അവസാനമാണെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ മുന്നറിയിപ്പ് നൽകി. യൂറോപ്പിലോ വടക്കേ അമേരിക്കയിലോ ഒന്നോ അതിലധികമോ രാജ്യങ്ങൾക്കെതിരെയുള്ള സായുധ ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ആർട്ടിക്കിൾ 5 പ്രകാരം നാറ്റോ രാജ്യങ്ങൾ സമ്മതിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെനസ്വേലയിൽ അതിക്രമിച്ചുകയറി പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദിയാക്കിയ സാമ്രാജ്യത്വ ഭീകരതക്കെതിരെ ലോകമാകെയും അമേരിക്കയിലും ശക്തമായ പ്രതിഷേധം തുട രുന്പോഴാണ് വീണ്ടും കടന്നാക്രമണത്തിന് ട്രംപ് ഒരുങ്ങുന്നത്. ട്രംപ് രണ്ടാംതവണ അധികാരമേറ്റശേഷം, ഒരു വർഷം ഏഴു രാജ്യങ്ങളിലാണ് അമേരിക്കൻ സൈന്യം നേരിട്ട് ആക്രമണം നടത്തിയത്.
ഗ്രീൻലൻഡ്
ആർടിക്–- വടക്കൻ അറ്റ്‌ലാന്റിക് സമുദ്രങ്ങൾക്കിടയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് ഡെൻമാർക്കിനു കീഴിലുള്ള സ്വയംഭരണ പ്രദേശമാണ്. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും 32 രാജ്യങ്ങളടങ്ങൂന്ന നാറ്റോ സൈനികസഖ്യത്തിൽ അമേരിക്കയ്‌ക്കൊപ്പം അംഗമാണ് ഡെൻമാർക്ക്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ദ്വീപിൽ സുരക്ഷ ശക്തമാക്കാൻ ഡെൻമാർക്ക് അടുത്തിടെ 1380 കോടി ഡോളർ പ്രഖ്യാപിച്ചിരുന്നു.
റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു
വെനസ്വേലയിൽനിന്ന് എണ്ണ കടത്തിയെന്ന് ആരോപിച്ച് അമേരിക്ക രണ്ടു കപ്പലുകൾ പിടിച്ചെടുത്തു. ഒരെണ്ണം വടക്കൻ അറ്റ്‌ലാന്റിക്കിലും മറ്റൊന്ന് കരീബിയനു സമീപം അന്താരാഷ്‌ട്ര സമുദ്രപാതയിൽ വച്ചുമാണ് പിടിച്ചെടുത്തത്. യുഎസ് ഉപരോധം ലംഘിച്ചതിന് ബെല്ല1 എന്ന ചരക്കുകപ്പൽ പിടികൂടിയതായി യുഎസ് യൂറോപ്യൻ കമാൻഡ് അറിയിച്ചു. കരീബിയനിൽ സോഫിയ എന്ന ടാങ്കറിന്റെ നിയന്ത്രണം യുഎസ് സേന ഏറ്റെടുത്തതായി ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം വെളിപ്പെടുത്തി.
ഇരുകപ്പലുകളും വെനസ്വേലയിലോ അവിടെനിന്നുള്ള യാത്രയ്‌ക്കിടയിലോ ആണ് അവസാനം നങ്കൂരമിട്ടതെന്ന് യുഎസ് അവകാശപ്പെട്ടു. അന്തരാഷ്‌ട്ര സമുദ്രയാന നിയമങ്ങൾ അമേരിക്ക ലംഘിച്ചതായി റഷ്യ പ്രതികരിച്ചു. കപ്പലിലുള്ള റഷ്യക്കാരെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.
ബെല്ല1 ടാങ്കറിന് അകമ്പടി സേവിക്കാൻ റഷ്യ അന്തർവാഹിനിയും മറ്റ് കപ്പലുകളും വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ യുഎസ് ഉപരോധം ലംഘിച്ച് എണ്ണ കയറ്റിയെന്നാരോപിച്ച് നാടകീയമായി അമേരിക്കന്‍ കപ്പല്‍പ്പട ടാങ്കര്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു.










0 comments