മോസ്കോയിൽ അപ്രതീക്ഷിതമായി ഇറങ്ങി യുഎസ് സൈനിക വിമാനം; വരവിനെക്കുറിച്ച് ഒരറിവും ഇല്ലെന്ന് റഷ്യ

മോസ്കോ: യുഎസ് വ്യോമസേനയുടെ സൈനിക ഗതാഗത വിമാനം മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ ഇറങ്ങിയതായി റിപ്പോർട്ട്. യുഎസ് രജിസ്ട്രേഷൻ നമ്പറുള്ള സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് ചൊവ്വാഴ്ച മോസ്കോയിലെത്തിയത്. എന്നാൽ വിമാനത്തിന്റെ വരവിനെക്കുറിച്ച് തങ്ങൾക്ക് വിവരമൊന്നുമില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ വസതിയായ ക്രെംലിൻ വ്യക്തമാക്കി.
ലാത്വിയൻ തലസ്ഥാനമായ റിഗയിൽനിന്നാണ് വിമാനം മോസ്കോയിലേക്ക് പറന്നതെന്ന് ഫ്ലൈറ്റ്റഡാർ24 ഡാറ്റ വ്യക്തമാക്കുന്നു. ആഗസ്ത് 23ന് അമേരിക്കയിലെ വാഷിങ്ടണിന് സമീപമുള്ള ക്യാംപ് സ്പ്രിങ്സ് വ്യോമതാവളത്തിൽനിന്നാണ് വിമാനം റിഗയിലെത്തിയത്. അതിന് മുമ്പ് മേരിലാൻഡിലെ യുഎസ് വ്യോമസേനയുടെ ജോയിന്റ് ബേസ് ആൻഡ്രൂസിൽനിന്നാണ് വിമാനം പുറപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റും മുതിർന്ന ഉദ്യോഗസ്ഥരും ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്ന പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണിത്.
ഈ ആഴ്ച യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതികളൊന്നുമില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. സൈനികരെയും വലിയ തോതിലുള്ള സൈനിക ഉപകരണങ്ങളും ദീർഘദൂരത്തേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന വിമാനമാണ് സി-17 ഗ്ലോബ്മാസ്റ്റർ. അതിനാൽ വിമാനത്തിന്റെ അപ്രതീക്ഷിത സാന്നിധ്യത്തിന് പിന്നിൽ നയതന്ത്ര നീക്കമോ തടവുകാരുടെ കൈമാറ്റമോ ഉണ്ടായേക്കാമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗസ്തിൽ മുൻ യുഎസ് മറൈൻ സൈനികൻ റോബർട്ട് ഗിൽമാനെ റഷ്യ മോചിപ്പിച്ചതും ഇത്തരം സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നു.
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ നിലവിൽ പ്രതിസന്ധിയിലാണെങ്കിലും രഹസ്യ നയതന്ത്ര ചർച്ചകൾ നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തൽ.
ജനുവരിയിലാണ് ഇതിന് മുമ്പ് യൂറോപ്പിൽനിന്ന് നേരിട്ട് യുഎസ് രജിസ്ട്രേഷൻ ഉള്ള വിമാനം റഷ്യയിലെത്തിയത്. യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സമാധാന ചർച്ചകൾക്കായി യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറുമായിരുന്നു അന്ന് വന്നത്.
വിമാനത്തിന്റെ മോസ്കോ സന്ദർശനത്തിന് പിന്നിലെ യഥാർഥ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.








0 comments