യുഎസ്, ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം: 1100 ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് - യൂണിസെഫ്

ഇസ്രയേൽ ബോംബാക്രമണത്തെത്തുടർന്ന് ബെയ്‌റൂട്ടിൽനിന്ന് പലായനം ചെയ്ത സ്ത്രീയും കുട്ടികളും
ജനീവ: ഇറാനും ഇസ്രയേലും അമേരിക്കയും ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷം കുട്ടികളുടെ ജീവിതം കടുത്ത മാനുഷിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് യൂണിസെഫ്. ഫെബ്രുവരി അവസാന വാരം യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 1,100-ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനീവയിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് യുഎൻ ഏജൻസി ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 28 മുതൽ അതിശക്തമായ രീതിയിൽ തുടരുന്ന അക്രമസംഭവങ്ങൾ മേഖലയിലെ രാജ്യങ്ങളിലെ നിരവധി കുട്ടികളുടെ ജീവിതത്തിൽ വിനാശകരമായ ആഘാതമാണ് ഉണ്ടാക്കുന്നത്. മാനുഷിക സംഘടനകളും പ്രാദേശിക അധികൃതരും ശേഖരിച്ച പ്രാഥമിക കണക്കുകൾ പ്രകാരം ഇറാനിൽ മാത്രം 200 കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലബനനിൽ 91-ഉം, ഇസ്രായേലിൽ നാലും, കുവൈത്തിൽ ഒരു കുട്ടിയും കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. നൂറുകണക്കിന് കുട്ടികൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു.
യുദ്ധം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് യൂണിസെഫ് ആശങ്ക പ്രകടിപ്പിച്ചു. മരണത്തിൽനിന്നും രക്ഷപ്പെട്ട കുട്ടികളുടെ ജീവിതവും ഭാവിയും യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. വ്യോമാക്രമണങ്ങളും സുരക്ഷാ ഭീഷണികളും കാരണം സ്കൂളുകൾ അടച്ചുപൂട്ടിയതോടെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടമായി. തുടർച്ചയായ ബോംബാക്രമണങ്ങളിൽ വീടുകൾ തകർന്നതോടെ ലക്ഷക്കണക്കിന് കുട്ടികളാണ് സ്വന്തം മണ്ണിൽ അഭയാർത്ഥികളായി മാറിയത്.
ആശുപത്രികൾ, കുടിവെള്ള ശൃംഖലകൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് നേരിട്ട നാശനഷ്ടങ്ങൾ പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്. പല കുടുംബങ്ങൾക്കും വൈദ്യസഹായം, സുരക്ഷിതമായ അഭയം, പ്രാഥമിക ആവശ്യങ്ങൾ എന്നിവ ലഭിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സായുധ സംഘർഷങ്ങളുടെ വില ഒരിക്കലും കുട്ടികൾ നൽകേണ്ടി വരരുതെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും യൂണിസെഫ് പറഞ്ഞു. സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനും ലോകരാഷ്ട്രങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. മേഖലയിലെ 20 കോടിയോളം വരുന്ന കുട്ടികൾ തങ്ങളെ രക്ഷിക്കാൻ ലോകം വേഗത്തിൽ ഇടപെടുന്നത് നോക്കി നിൽക്കുകയാണെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു.











0 comments