ad
Deshabhimani

print edition യുഎസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച ഖമനേയി

khamaneyi
വെബ് ഡെസ്ക്

Published on Mar 01, 2026, 02:28 AM | 1 min read

ടെഹ്‌റാൻ: ഇസ്രയേൽ യുഎസ്‌ സംയുക്ത ആക്രമണം ലക്ഷ്യംവച്ചത്‌ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്‌ ഏറെയും. വടക്കൻ തെഹ്‌റാനിലെ ഷെമിറാനിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തും ഖമനേയിയുടെ ഓഫീസ്‌ കോമ്പൗണ്ടിന് സമീപത്തും ഏഴ് മിസൈലുകളാണ്‌ പതിച്ചത്‌. എന്നാൽ ഖമനേയി തലസ്ഥാനത്തില്ലെന്നും അദ്ദേഹത്തെ സുരക്ഷിതമായ മറ്റൊരിടത്തേക്ക്‌ മാറ്റിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ചെയ്‌തു. അമേരിക്കയെ നിശിതമായി വിമർശിക്കുന്നതും പശ്ചിമേഷ്യയിൽ ആധിപത്യംനേടാനുള്ള യുഎസ്–ഇസ്രയേൽ നീക്കത്തിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്നതുമാണ്‌ ഖമനേയിയെ യുഎസിന്റെയും ഇസ്രയേലിന്റെയും മുഖ്യശത്രുവാക്കിയത്‌. അമേരിക്കയെ ഇറാന്റെ "ഒന്നാം നമ്പർ ശത്രു’ എന്നും ഇസ്രയേലിനെ രണ്ടാം ശത്രുവെന്നുമാണ്‌ ഖമനേയി വിശേഷിപ്പിച്ചത്‌.


കഴിഞ്ഞ ജൂണിലെ ആക്രമണത്തിലും ഇസ്രയേലും യുഎസും ലക്ഷ്യമിട്ടത്‌ ഖമനേയിയെ ആയിരുന്നു. ജൂണിൽ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞത്, ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന ഏകാധിപതിയെ നിലനിർത്താനാകില്ല എന്നാണ്‌. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും ഖമനേയിയെ വകവരുത്താൻ മടിക്കില്ലെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇറാനിലെ ഭരണമാറ്റമാണ് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്നും ട്രംപ്‌ പറഞ്ഞു. ഖമനേയിയെ വധിക്കാൻ തീരുമാനിച്ചാൽ അദ്ദേഹം അനായാസ ലക്ഷ്യം മാത്രമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.


ഇറാൻ ആണവായുധം നിർമിക്കില്ലെന്നും ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്നും ഖമനേയി പലതവണ വ്യക്തമാക്കിയിട്ടും യുഎസ്‌ അദ്ദേഹത്തെ ലക്ഷ്യംവയ്‌ക്കുകയാണ്‌. ഇറാൻ അണുബോംബ്‌ നിർമ്മിക്കാൻ ശ്രമിക്കുന്നതായി യുഎസ്‌ ഇന്റലിജൻസോ യുഎൻ ആണവ നിരീക്ഷക സംഘമോ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, ഇസ്രയേലും ട്രംപും ഈ ആരോപണം ഉന്നയിക്കുന്നത് തുടരുന്നു.


1989 മുതൽ ഇറാന്റെ പരമോന്നത നേതാവാണ് 86 വയസ്സുകാരനായ ഖമനേയി. 1979-ലെ വിപ്ലവത്തിലൂടെ അമേരിക്കൻ സഖ്യകക്ഷിയായ ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ പുറത്താക്കിയ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്ഥാപകൻ ആയത്തുള്ള റൂഹുള്ള ഖമേനിയുടെ പിൻഗാമിയായാണ്. ഗവൺമെന്റിന്റെ എല്ലാ ശാഖകൾക്കും സൈന്യത്തിനും നീതിന്യായ വ്യവസ്ഥയ്‌ക്കുംമേൽ അദ്ദേഹത്തിന് അന്തിമ അധികാരമുണ്ട്. കൂടാതെ രാജ്യത്തിന്റെ ആത്മീയ നേതാവുമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home