യുഎസ്-ഇറാൻ
സമാധാന ചർച്ചകളിൽ വിമർശനം: ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കുമെതിരെ ഡോണാൾഡ് ട്രംപ്

ഡോണാൾഡ് ട്രംപ്
വാഷിംഗ്ടൺ : ഇറാനുമായുള്ള ആണവ ചർച്ചകൾ കൈകാര്യം ചെയ്യുന്നതിൽ ഇരുപക്ഷത്തുനിന്നും ഉയരുന്ന വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒരു കരാർ സാധ്യമാണെന്നും, തന്റെ നയതന്ത്ര നീക്കങ്ങളെ തടസപ്പെടുത്താതെ മാറിനിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നും ട്രംപ് വിമർശകരോട് ആവശ്യപ്പെട്ടു. തനിക്ക് നേരെ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾ ചർച്ചകളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് വിമർശകർക്കെതിരെ രംഗത്തെത്തിയത്. ഇറാൻ ഒരു കരാറിലെത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും അത് അമേരിക്കയ്ക്കും ഒപ്പമുള്ളവർക്കും അനുകൂലമായിരിക്കുമെന്നും ട്രംപ് കുറിച്ചു. തുടർന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകളെ ഡമ്മോക്രാറ്റുകൾ എന്ന് പരിഹസിച്ച അദ്ദേഹം, ചർച്ചകളെ നശിപ്പിക്കാൻ ശ്രമിക്കുന്ന സ്വന്തം പാർട്ടിയിലെ റിപ്പബ്ലിക്കൻമാരെ രാജ്യസ്‌നേഹമില്ലാത്തവർ എന്നും വിശേഷിപ്പിച്ചു.
ഞാൻ കൂടുതൽ വേഗത്തിൽ നീങ്ങണമെന്നോ, പതുക്കെയാക്കണമെന്നോ, യുദ്ധത്തിന് പോകണമെന്നോ, പോകരുതെന്നോ ഒക്കെ പറഞ്ഞ് രാഷ്ട്രീയ കോമാളികൾ നിരന്തരം ഒച്ചപ്പാടുണ്ടാക്കുമ്പോൾ എന്റെ ജോലി കൃത്യമായി ചെയ്യാനും ചർച്ചകൾ നടത്താനും എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഇവർക്ക് മനസ്സിലാകില്ലേ? ശാന്തമായിരുന്ന് കാര്യങ്ങൾ വീക്ഷിക്കൂ, അവസാനം എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കും, എപ്പോഴും അങ്ങനെയാണല്ലോ - ട്രംപ് കുറിച്ചു.
അതേസമയം, മിഡിൽ ഈസ്റ്റിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തിങ്കളാഴ്ചയും കുവൈറ്റിൽ ഇറാന്റെ പുതിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിതു. അന്താരാഷ്ട്ര സമുദ്രപരിധിയിൽ യുഎസിന്റെ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ, കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് സ്വയം പ്രതിരോധ വ്യോമാക്രമണം നടത്തിയിരുന്നു.
ഇതിനിടയിലാണ് വെടിനിർത്തൽ നീട്ടുന്നതിനായി തയ്യാറാക്കിയ പുതിയ കരാർ നിർദ്ദേശങ്ങളിൽ ട്രംപ് കൂടുതൽ ഭേദഗതികൾ ആവശ്യപ്പെട്ടത്. 60 ദിവസത്തെ യുദ്ധവിരാമം, ഹോർമുസ് കടലിടുക്ക് തുറക്കൽ, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കൽ എന്നിവ പുതിയ ഡ്രാഫ്റ്റിൽ ഉൾപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക കരാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല യോഗവും കൃത്യമായ തീരുമാനമില്ലാതെയാണ് അവസാനിച്ചത്. ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നത് തടയുക എന്നതായിരിക്കും കരാറിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി.










0 comments