അഞ്ച് വയസുകാരനെ പിടികൂടി തടങ്കൽ പാളയത്തിലടച്ചു; സ്കൂൾ ബസുകളെ ഐസിഇ ഏജന്റുമാർ പിന്തുടരുന്നു

ടെക്സസ്: അമേരിക്കയിൽ പ്രീ-സ്കൂളിൽ നിന്ന് വീട്ടിലെത്തിയ അഞ്ച് വയസ്സുകാരനെ കസ്റ്റഡിയിലെടുത്ത് തടങ്കൽ പാളയത്തിലടച്ചു. അനധികൃത കുടിയേറ്റം ആരോപിച്ചാണ് മിനസോട്ടയിൽനിന്ന് കുട്ടിയെ പിതാവിനോടൊപ്പം എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസിഇ) ഏജന്റുമാർ പിടികൂടിയത്. സമീപ ആഴ്ചകളിൽ മിനിയാപൊളിസ് പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഇത്തരത്തിൽ കസ്റ്റഡിയിലെടുക്കപ്പെടുന്ന നാലാമത്തെ വിദ്യാർഥിയാണിത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽനിന്നാണ് ലിയാം കൊനെജോ റാമോസ് എന്ന ബാലനെ ഓടിക്കൊണ്ടിരുന്ന ഏജന്റുമാർ പിടികൂടിയതെന്ന് കൊളംബിയ ഹൈറ്റ്‌സ് പബ്ലിക് സ്കൂൾ സൂപ്രണ്ട് സെന സ്റ്റെൻവിക് പറഞ്ഞു. 2024ൽ യുഎസിൽ എത്തിയതാണ് ഈ കുടുംബം.
എന്നാൽ തങ്ങൾ കുട്ടിയെ ലക്ഷ്യം വെച്ചിട്ടില്ലെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് ട്രിസിയ മക്ലോഗ്ലിൻ പറഞ്ഞു. കുട്ടിയുടെ പിതാവായ അഡ്രിയാൻ അലക്സാണ്ടർ കൊനെജോ അരിയാസിനെ അറസ്റ്റ് ചെയ്യാനാണ് ഐസിഇ എത്തിയതെന്നും അദ്ദേഹം നിയമവിരുദ്ധമായാണ് യുഎസിൽ കഴിയുന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ, പിതാവ് ഓടിപ്പോയിട്ടില്ലെന്നും കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായ മറ്റ് മുതിർന്നവർ അവിടെ ഉണ്ടായിരുന്നിട്ടും ഏജന്റുമാർ അതിന് സമ്മതിച്ചില്ലെന്നും സ്കൂൾ അധികൃതർ ആരോപിച്ചു.
മിനസോട്ടയിൽ കഴിഞ്ഞ ആറാഴ്ചയ്ക്കിടെ അനധികൃത കുടിയേറ്റം ആരോപിച്ച് മൂവായിരത്തോളം അറസ്റ്റുകളാണ് നടന്നത്. ഈ മേഖലയിലെ സ്കൂളുകളിൽ കുട്ടികളുടെ ഹാജർനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഐസിഇ ഏജന്റുമാർ സ്കൂൾ ബസുകളെ പിന്തുടരുന്നതായും പരിസരങ്ങളിൽ കറങ്ങിനടക്കുന്നതായും സ്കൂൾ അധികൃതർ പറഞ്ഞു.
നിലവിൽ ടെക്സസിലെ ഡില്ലിയിലുള്ള ഇമിഗ്രേഷൻ ലോക്കപ്പിലാണ് കുട്ടിയും പിതാവും ഉള്ളത്. അവിടെ കുട്ടികൾ കഠിനമായ രോഗാവസ്ഥയിലും പോഷകാഹാരക്കുറവിലും ആണെന്ന് പൊതുപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.










0 comments