35 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി; അമേരിക്കയിൽ റദ്ദാക്കിയത് 17000ത്തിലധികം വിമാനങ്ങൾ

ന്യൂയോർക്ക്: സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കയിലുണ്ടായ വ്യോമഗതാഗത സ്തംഭനത്തിൽ റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 17,000 കടന്നു. കഴിഞ്ഞ 35 വർഷത്തിനിടയിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലമുണ്ടായ ഏറ്റവും വലിയ വിമാന റദ്ദാക്കലാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2022-ൽ സൗത്ത് വെസ്റ്റ് എയർലൈൻസിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് 16,900 വിമാനങ്ങൾ റദ്ദാക്കിയ റെക്കോർഡാണ് ഇതോടെ മറികടന്നത്.
വെള്ളിയാഴ്ച രാജ്യവ്യാപകമായി നാല് മണിക്കൂർ നേരത്തേക്ക് വിമാന സർവീസുകൾ നിർത്തിവെച്ചത് എല്ലാ അമേരിക്കൻ വിമാനക്കമ്പനികളെയും സാരമായി ബാധിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് രാജ്യവ്യാപകമായി വിമാന സർവീസുകൾ ഇത്തരത്തിൽ നിർത്തിവെക്കുന്നത്.
2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമയാന പ്രതിസന്ധിയാണിത്. അർക്കൻസാസിലെ ഒരു വിദൂര കേന്ദ്രത്തിൽ പഴയ ചെമ്പ് വയറുകൾ മാറ്റുന്നതിനിടെയുണ്ടായ തകരാറും, തുടർന്ന് എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലേക്ക് ഒരു റൂട്ടറിൽ നിന്ന് അനിയന്ത്രിതമായി കണക്ഷൻ റിക്വസ്റ്റുകൾ എത്തിയതുമാണ് സംവിധാനം തകരാറിലാകാൻ കാരണമായത്.
ഞായറാഴ്ചയോടെ വിമാനങ്ങൾ റദ്ദാക്കുന്നതിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ന്യൂയോർക്ക് സമയം രാത്രി 11.15 വരെയുള്ള 'ഫ്ലൈറ്റ് അവെയർ' കണക്കുകൾ പ്രകാരം 2,220ലധികം സർവീസുകളാണ് ഞായറാഴ്ച റദ്ദാക്കിയത്. എങ്കിലും വിമാനങ്ങളും ജീവനക്കാരെയും കൃത്യസമയത്ത് പുനഃക്രമീകരിക്കാൻ കമ്പനികൾ ബുദ്ധിമുട്ടുന്നതിനാൽ 10,100ലധികം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. തിങ്കളാഴ്ചയോടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് ഡെൽറ്റ എയർലൈൻസ്, അലാസ്ക എയർ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ കമ്പനികൾ പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്ച മുതൽ 5,300ലധികം സർവീസുകൾ റദ്ദാക്കേണ്ടി വന്ന അമേരിക്കൻ എയർലൈൻസിനെയാണ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത്. ആകെ സർവീസുകളുടെ അനുപാതം നോക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ്ബ്ലൂ എയർവേയ്‌സിനാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. 2024-ൽ ആഗോളതലത്തിൽ വിമാന സർവീസുകളെ ബാധിച്ച 'ക്രൗഡ്സ്ട്രൈക്ക്' ഐടി തകരാറിനേക്കാൾ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അമേരിക്കയിലുണ്ടായിരിക്കുന്നത്.








0 comments