മലക്കം മറിഞ്ഞ് യുഎസ് പ്രതിരോധ സെക്രട്ടറി, ചൈനയുമായി സൈനിക ആശയ വിനിമയ ചാനൽ തുറക്കുമെന്ന് അവകാശവാദം

വാഷിങ്ടൺ: യു എസും ചൈനയുമായി നേരിട്ടുള്ള സൈനിക ആശയവിനിമയ ചാനലുകൾ തുറക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇതുവരെയുള്ളതിലും മെച്ചപ്പെട്ട നിലയിലാണെന്നും അവകാശപ്പെട്ടു.
ശനിയാഴ്ച പ്രാദേശിക സുരക്ഷാ യോഗത്തിനിടെ ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജൂണുമായി സംസാരിച്ചതായും "നമ്മുടെ രാജ്യങ്ങൾക്ക് സമാധാനം, സ്ഥിരത, നല്ല ബന്ധങ്ങൾ എന്നിവയാണ് ഏറ്റവും നല്ല പാത" എന്ന് ഇരുവരും സമ്മതിച്ചതായും ഹെഗ്‌സെത്ത് തുടർന്നു.
ചൈനയുടെ നാവിക സേനാബലത്തെ പ്രതിരോധിക്കാൻ ആസിയാൻ യോഗത്തിൽ ആഹ്വാനം ചെയ്തിതിന് തൊട്ടുപിന്നാലെയാണ് സൈനിക ചാനൽ തുറക്കുന്ന ട്വീറ്റുമായി ഹെഗ്സേത്ത് രംഗത്ത് വന്നത്. ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ വർദ്ധിച്ചുവരുന്നതും "അസ്ഥിരപ്പെടുത്തുന്ന"തുമായ നടപടികളെ ചെറുക്കാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഉറച്ചുനിൽക്കാനും സമുദ്ര സേനയെ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് എക്‌സിൽ സഹകരണ ചർച്ച സംബന്ധിച്ച അവകാശം പങ്കുവെച്ചത്.
“ഞങ്ങൾ സമാധാനം തേടുന്നു. ഞങ്ങൾ സംഘർഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, ചൈന നിങ്ങളുടെയോ മറ്റാരുടെയെങ്കിലും മേലെയോ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഉറപ്പാക്കണം,” - എന്നായിരുന്നു ഹെഗ്‌സെത്തിന്റെ അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിലെ യോഗത്തിലെ വാക്കുകൾ.
ദക്ഷിണ ചൈനാ കടൽ ഏഷ്യയിലെ ഏറ്റവും അസ്ഥിരമായ പ്രശ്‌നങ്ങളിൽ മേഖലയാണ്. ചൈന ഏതാണ്ട് മുഴുവൻ മേഖലയുടെയും അവകാശം നിലനിർത്തുന്നു. ആസിയാൻ അംഗങ്ങളായ ഫിലിപ്പീൻസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണൈ എന്നിവയും ഉടമസ്ഥാവകാശം അവകാശപ്പെടുന്നു. യു.എസിന്റെ പ്രധാന സഖ്യകക്ഷിയായ ഫിലിപ്പീൻസ് ചൈനയുടെ സമുദ്ര കപ്പലുകളുമായി ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ നടത്തുന്നത് വാർത്തയാവാറുണ്ട്.
ആസിയാൻ യോഗത്തിൽ മൂർച്ചയുള്ള മുന്നറിയിപ്പും തുടർന്ന് ഓൺലൈനിൽ അനുരഞ്ജനാത്മകമായ ഭാഷയും ഉപയോഗിച്ചു. ചൈനയുമായി വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ പ്രതിരോധവും നയതന്ത്രവും സന്തുലിതമാക്കാനുള്ള അമേരിക്കയുടെ ആസൂത്രിത ശ്രമമാണ് ഇതെന്നാണ് വിലയിരുത്തൽ.
യോഗത്തിനിടെ, 2012 ൽ ഫിലിപ്പീൻസിൽ നിന്ന് പിടിച്ചെടുത്ത സ്കാർബറോ ഷോളിനെ "പ്രകൃതി സംരക്ഷണ കേന്ദ്രം" ആയി ചൈന അടുത്തിടെ പ്രഖ്യാപിച്ചതിനെ ഹെഗ്സെത്ത് വിമർശിച്ചിരുന്നു. പുതിയതും വിപുലീകരിച്ചതുമായ പ്രദേശിക, സമുദ്ര അവകാശവാദങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു വാക്കുകൾ. കടലിലെ പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ചൈനയുമായി ചർച്ച ചെയ്ത് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്നും ആസിയാൻ കൂട്ടായ്മയോട് ആഹ്വാനം ചെയ്തിരുന്നു. ഇപ്പോൾ തന്നെ വൈകിയിരിക്കയാണ് എന്നും പറഞ്ഞു.
എന്നാൽ ചൈന തങ്ങളുടെ സമുദ്രാഭ്യാസത്തെക്കുറിച്ചുള്ള യുഎസിന്റെ വിമർശനങ്ങളെ നിരാകരിക്കയാണ് ഉണ്ടായത്. വാഷിംഗ്ടൺ പ്രാദേശിക കാര്യങ്ങളിൽ ഇടപെടുകയും സൈനിക സാന്നിധ്യത്തിലൂടെ സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു. സമുദ്രത്തിലെ പട്രോളിംഗും നിർമ്മാണ പ്രവർത്തനങ്ങളും നിയമാനുസൃതമാണെന്നും ചൈനീസ് പ്രദേശമായി കരുതുന്ന സ്ഥലത്ത് സുരക്ഷ നിലനിർത്തുക മാത്രമാണ് ചെയ്യുന്നത് എന്നുമായിരുന്നു വിശദീകരണം.
ജൂണിൽ സിംഗപ്പൂരിൽ നടന്ന ഷാങ്രി-ലാ ഡയലോഗ് സുരക്ഷാ സമ്മേളനത്തിൽ ഹെഗ്‌സെത്ത് നടത്തിയ പ്രസംഗത്തെ ചൈന കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. "ശീതയുദ്ധ മാനസികാവസ്ഥ" തുടരുന്നു എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അതിനെ വിശേഷിപ്പിച്ചത്.










0 comments