print edition കരീബിയൻ കടലിൽ വീണ്ടും യുഎസ് ആക്രമണം

വാഷിങ്‌ടൺ
ലാറ്റിനമേരിക്കൻ മേഖലയെ സംഘർഷത്തിന്റെ മുൾമുനയിൽ നിർത്താനുള്ള യുസ് ശ്രമം തുടരുന്നു. കരീബിയൻ കടലിൽ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് വീണ്ടും ആക്രമണംനടത്തി. മൂന്നുപേർ കൊല്ലപ്പെട്ടു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് ആക്രമണം സ്ഥിരീകരിച്ച് എക്‌സിൽ കുറിപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമായിരുന്നു ആക്രമണമെന്നും തീവ്രവാദ സംഘടനയുടെ കപ്പലിനെയാണ് ആക്രമിച്ചതെന്നും ഹെഗ്‌സെത്ത് അവകാശപ്പെട്ടു.
സെപ്റ്റംബർ ആദ്യം മുതലാണ് യുഎസ്, കരീബിയൻ കടലിലും കിഴക്കൻ പസിഫിക് സമുദ്രത്തിലും ആക്രമണം ശക്തമാക്കിയത്. കുറഞ്ഞത് 18 കപ്പലുകളും 17 ബോട്ടുകളും നശിപ്പിച്ചു. 60-ലധികം പേർ കൊല്ലപ്പെട്ടു. യുഎസ് ആക്രമണങ്ങളെ യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടർക്ക് അപലപിച്ചു. മയക്കുമരുന്ന് കടത്തുകാരുടെ കപ്പലുകളാണ് ലക്ഷ്യമിടുന്നതെന്ന വാദത്തിന് ട്രംപ് ഭരണകൂടം ഇതുവരെ കാര്യമായ തെളിവുകൾ നൽകിയിട്ടില്ല.
വെനസ്വേലയ്‌ക്കെതിരെ ആക്രമണം നടത്തണമെങ്കില്‍ പ്രസിഡന്റിന് യുഎസ് കോൺഗ്രസിന്റെ അനുമതി വേണമെന്ന പ്രമേയം കൊണ്ടുവരാന്‍ സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ടി നീക്കം നടത്തിയെങ്കിലും റിപ്പബ്ലിക്കൻമാർ ഈ നീക്കം ചെറുത്തു. ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് ആണ് പ്രമേയം മുന്നോട്ടുവച്ചത്. കരീബിയനിലെ മയക്കുമരുന്ന് കടത്ത് തടയുന്നതിനേക്കാൾ വെനസ്വേലയിലെ ഭരണമാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.










0 comments