ഖൈബർ പഖ്തൂൺഖ്വയിൽ 21 ഭീകരർ കൊല്ലപ്പെട്ടതായി പാക് സൈന്യം

പ്രതീകാത്മകചിത്രം
പെഷവാർ : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഓപ്പറേഷനുകളിൽ 21 ഭീകരരെ സുരക്ഷാ സേന വധിച്ചതായി സൈനിക മാധ്യമ വിഭാഗം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ കൊല്ലപ്പെട്ടവരിൽ ഫിത്‌ന-അൽ-ഖ്വാരിജിൽ നിന്നുള്ള നാല് റിംഗ് നേതാക്കളുണ്ടെന്നും മാധ്യമ വിഭാഗം അറിയിച്ചു. സുരക്ഷാ സേനാംഗങ്ങളെയും സാധാരണക്കാരെയും കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി ഭീകര പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളായിരുന്നുവെന്നും മാധ്യമ വിഭാഗം അറിയിച്ചു.
നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പദമാണ് ഫിത്‌ന-അൽ-ഖവാരിജ്. കൊല്ലപ്പെട്ടവരിൽ നിന്ന് ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. മെയ് അവസാനം, വടക്കൻ വസീറിസ്ഥാനിലെ ദത്ത ഖേൽ പ്രദേശത്ത് സുരക്ഷാ സേന 11 തീവ്രവാദികളെ വധിച്ചു. ജൂൺ ആദ്യ ആഴ്ച മിറാൻഷായിൽ ചാവേർ ആക്രമണം നടന്നതിനെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.
2026ൽ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും വർദ്ധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ കാരണം പാകിസ്ഥാന്റെ സുരക്ഷ സംവിധാനങ്ങളിൽ പ്രശ്നങ്ങളുണ്ടായതായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) റിപ്പോർട്ടിൽ പറയുന്നു.










0 comments