ഇറാന്റെ ഖാർഗ് എണ്ണക്കയറ്റുമതി കേന്ദ്രത്തിൽ യുഎസ് ബോംബാക്രമണം

ഖാർഗ് ദ്വീപ്
വാഷിംഗ്ടൺ: ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തിയതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പശ്ചിമേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബിംഗ് റെയ്ഡുകളിൽ ഒന്നാണ് യുഎസ് സെൻട്രൽ കമാൻഡ് നടത്തിയത് എന്നും ഖാർഗ് ദ്വീപിലെ എല്ലാ സൈനിക താവളങ്ങളും പൂർണ്ണമായും തകർത്തു എന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടു.
ഇറാന്റെ അസംസ്കൃത എണ്ണക്കയറ്റുമതിയുടെ ഏതാണ്ട് 90 ശതമാനവും കൈകാര്യം ചെയ്യുന്ന അതീവ തന്ത്രപ്രധാനമായ കേന്ദ്രമാണ് ഖാർഗ് ദ്വീപ്. നിലവിൽ ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ തകർത്തിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് ഇറാനോ മറ്റാരെങ്കിലുമോ തടസ്സം സൃഷ്ടിച്ചാൽ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും എണ്ണ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും അദ്ദേഹം ഭീഷണി നൽകി.
പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇറാൻ തീരത്തുനിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് നേരെ ഉണ്ടാകുന്ന ഏതൊരു നേരിട്ടുള്ള ആക്രമണവും ആഗോള തലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു നീക്കം ഇറാന്റെ എണ്ണക്കയറ്റുമതി ഉടനടി തടസ്സപ്പെടുത്തുകയും, ഹോർമുസ് കടലിടുക്കിലോ പ്രാദേശിക ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയോ കടുത്ത തിരിച്ചടിക്ക് കാരണമാകുമെന്നും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സേവന കമ്പനികളിൽ ഒന്നായ ജെപി മോർഗൻ വിലയിരുത്തി.
ലോകത്തിലെ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, എണ്ണക്കയറ്റുമതി പുനഃസ്ഥാപിക്കുന്നതിനായി ടാങ്കറുകൾക്ക് യുഎസ് നേവിയുടെ അകമ്പടി ഉടൻ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.










0 comments