ഇറാന്റെ ധീര നിലപാടുകളും നട്ടെല്ലില്ലാത്ത മോദിസർക്കാരും

ഒരു രാജ്യത്തെ പരമാധികാരിയെ ഇല്ലാതാക്കിയാൽ ആ രാജ്യം യുദ്ധത്തിൽ നിന്നും പിൻവാങ്ങുന്ന ചരിത്രമാണ് നാം കൂടുതലായും കേട്ടറിഞ്ഞിട്ടുള്ളത്. എന്നാൽ ഇറാനെന്ന രാജ്യം ഇതിൽനിന്നൊക്കെ വ്യത്യസ്തമായിരുന്നു. അവരുടെ പരമോന്നത നേതാവായ അയത്തൊള്ള ഖമനേയിയെ ഇസ്രയേൽ-യുഎസ് സഖ്യം കൊലപ്പെടുത്തയതിന് പിന്നാലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ അമേരിക്കയും - ഇസ്രയേലും നിലകൊണ്ടു. എന്നാൽ ഇറാൻ അവരുടെ യഥാർഥ പോരാട്ടം പുറത്തെടുക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു എന്ന് അക്രമികൾ ഉടനടി തിരിച്ചറിഞ്ഞു.
160 ലധികം സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 1332 പേരെ (മാർച്ച് ആറ് വരെ) ബോംബ് വർഷത്തിൽ അമേരിക്ക വധിച്ചു. ഖമനേയിയെ മാറ്റുന്നതോടെ ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചെടുത്ത് അധികാരം നേടാൻ ഇറാൻ ജനതയോട് അമേരിക്കൻ പ്രസിഡന്റ് ആഹ്വാനം ചെയ്‌തെങ്കിലും ജനങ്ങൾ അതിന് തയ്യാറായിട്ടില്ല. ഖമനേയി രക്തസാക്ഷിയാക്കപ്പെട്ടത് അറിഞ്ഞതോടെ ഭരണാധികാരികളോടുള്ള വെറുപ്പും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ജനങ്ങൾ അമേരിക്ക‐ഇസ്രയേൽ ആക്രമണത്തിനെതിരെ രംഗത്തുവരുന്ന കാഴ്‌ചയാണ് ഇറാനിൽ ദൃശ്യമായത്. പരമോന്നത നേതാവ് കൊല്ലപ്പെട്ടപ്പോൾ യാതൊരു സങ്കോചവുമില്ലാതെ അദ്ദേഹത്തിന്റെ മകൻ മുജ്ത്തബ ഹൊസെെനി ഖമനേയി പുതിയ പരമോന്നത നേതാവായി. ഇറാനെ യുദ്ധമുഖത്ത് ശക്തമായി തിരിച്ചുകൊണ്ടുവന്നു.
ആദ്യം ആക്രമിച്ചുകീഴടക്കുക, പിന്നീട് വിശദീകരണം നൽകുക എന്ന പഴയ സാമ്രാജ്യത്വ ശൈലി പശ്ചിമേഷ്യയിൽ വീണ്ടും പ്രയോഗിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും യുദ്ധത്തിന് പുതിയ മാനങ്ങൾ നൽകുകയായിരുന്നു. ഇതിനെ അവർ ‘മുൻകൂട്ടിയുള്ള പ്രതിരോധ നടപടി'എന്നും ‘മുൻകൂട്ടിയുള്ള പ്രതിരോധ തടയൽ’ എന്നും വിശദീകരിച്ചു. ഈ ശൈലി മുമ്പും ലോകത്തിനു പരിചിതമാണ്. ഒരു രാജ്യത്തെ തകർക്കുക, പിന്നീട് ആ അവശിഷ്ടങ്ങൾക്കിടയിൽ സമാധാനം ഉണ്ടാകുന്നില്ലല്ലോ എന്നു പറഞ്ഞ് അത്ഭുതം കൂറുക! ആദ്യ ഘട്ടത്തിൽ ഇതായിരുന്നു അക്രമികളുടെ ലക്ഷ്യമെങ്കിലും യുദ്ധം പുരോഗമിച്ചതോടെ കളി മാറുകയായിരുന്നു. അവസാനം ശത്രു കയ്യില്‍ നില്‍ക്കില്ലെന്ന് അറിഞ്ഞതോടെ എത്രയും വേഗത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമായിരുന്നു യുഎസ് - ഇസ്രയേല്‍ സഖ്യം നടത്തിയത്.
തങ്ങളെ ആക്രമിച്ചാൽ ജിസിസി രാഷ്ട്രങ്ങളെ ആക്രമിക്കുമെന്ന് തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്ന ഇറാൻ അതിന് തുടക്കമിട്ടു. ഇസ്രയേൽ- യുഎസ് സഖ്യം; പ്രധാനമായും യുഎസ് തകർച്ചയിലേക്ക് പോയത് അവിടെ നിന്നായിരുന്നു. യുദ്ധത്തിന്റെ ആദ്യദിവസം ഇറാൻ ലക്ഷ്യമിട്ടത് അമേരിക്കയുടെ ഗൾഫിലെ സെൻട്രൽ കമാൻഡായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളവും യുഎഇയിലെയും കുവൈത്തിലെയും ബഹ്റൈനിലെയും ജോർദാനിലെയും സൗദിയിലെയും യുഎസ് താവളങ്ങളായിരുന്നുവെങ്കിൽ രണ്ടാംദിവസം ഒമാനിലെ സൈനികതാവളവും ദുബായിലെയും അബുദാബിയിലെയും അമേരിക്കൻ ഫിനാൻഷ്യൽ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടത്. അമേരിക്കൻ ബാങ്ക്, സിറ്റി ബാങ്ക്, മൈക്രോസോഫ്റ്റ്, മോർഗൻ സ്റ്റാൻലി, ആമസോൺ, ഐബിഎം തുടങ്ങിയ അമേരിക്കൻ കമ്പനികളുടെ ഗൾഫ് ഹെഡ്ക്വാർട്ടേഴ്‌സുള്ള ദുബായിലെ പ്രദേശമാണ് ഇറാൻ ലക്ഷ്യമാക്കിയത്. അതായത് അമേരിക്കയ്‌ക്കുനേരെ നേരിട്ട് ആക്രമണം നടത്താതെ തന്നെ അമേരിക്കൻ താൽപ്പര്യങ്ങളെ ഹനിക്കാൻ കഴിയുമെന്ന് ഇതുവഴി ഇറാൻ ലോകത്തോട് പറഞ്ഞു. ഇതുമാത്രമല്ല, അമേരിക്കൻ പ്രസിഡന്റിന്റെയും കുടുംബാംഗങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളും ലക്ഷ്യമാക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
ഇറാനെതിരെ ശക്തമായ ആക്രമണം നടക്കുമ്പോഴും ഒരു വശത്ത് ഇറാൻ പൊരുതി. തുടർന്ന് രാഷ്ട്രീയം ഹോർമൂസ് കടലിടുക്ക് വരെയെത്തി. നാറ്റോയുടെ പിന്തുണയോ ചെെനീസ് അനുകൂല സമീപനമോ ഒന്നും അമേരിക്കയ്ക്ക് ലഭിച്ചില്ല. ഒപ്പം തന്നെ റഷ്യക്കെതിരെ കൊണ്ടുവന്ന ഉപരോധം തല്‍ക്കാലത്തേക്ക് നീക്കാൻ അമേരിക്ക തന്നെ സന്നദ്ധമായി. ചർച്ചകൾ ഇറാനുമായി നടക്കുന്നുവെന്നും യുദ്ധം സമാധാനത്തിലേക്കെത്തുന്നു എന്നും, എങ്ങനെയെങ്കിലും യുദ്ധം അവസാനിക്കണമെന്നുള്ള വെപ്ലാളത്തിൽ ട്രംപ് തട്ടിവിട്ടു. എന്നാൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.
മറുവശത്ത്, ഹോർമൂസിൽ ഇന്ധന ഗതാഗതം നിലച്ചത് അമേരിക്കയ്ക്ക് വൻ തിരിച്ചടി തന്നെ ഉണ്ടാക്കി. ഇറാനെതിരെ ഇസ്രയേലിനൊപ്പം നിന്ന ഇന്ത്യക്കും അവസാനം നിരന്തരമായി ഇറാനെ വിളിച്ച് ഊർജ പ്രതിസന്ധി ഇല്ലാതാക്കാൻ ഹോർമൂസിൽ ഇടപെടണമെന്ന് പറയേണ്ടിവന്നു. ഇറാനെതിരെ ഇസ്രയേൽ- യുഎസ് പക്ഷത്ത് ഇന്ത്യ നിന്നിട്ടും ഇന്ത്യൻ ആവശ്യങ്ങൾക്ക് ഇറാൻ അനുകൂല സമീപനം സ്വീകരിച്ചു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തിൽ പ്രതിഷേധിക്കാനോ അപലപിക്കാനോ പോലും കേന്ദ്രസർക്കാർ തയ്യാറാകാത്തത് ഇന്ത്യയുടെ തത്വാധിഷ്‌ഠിത വിദേശനയം ബലികൊടുക്കുന്നതായി മാറി
ലോകം രണ്ടുധ്രുവങ്ങളിലേയ്‌ക്ക് വഴിമാറ്റപ്പെട്ട ശീതയുദ്ധ കാലത്തുപോലും സ്വതന്ത്ര വിദേശനയം പിന്തുടരാൻ മടികാട്ടാതിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയുമായി സവിശേഷ ബന്ധം പുലർത്തുന്ന ഇറാനെ പ്രതിസന്ധിയിൽ കൈവിടുകയായിരുന്നു കേന്ദ്രം. അയത്തൊള്ള അലി ഖമയിനിയെ വധിച്ചതിൽ പ്രതിഷേധിക്കാതെ ഡൽഹിയിലെ ഇറാൻ എംബസിയിലെത്തി അനുശോചനം മാത്രമാണ് ഇന്ത്യൻ വിദേശസെക്രട്ടറി അറിയിച്ചത്. ഇന്ത്യ അമേരിക്കയ്ക്ക് തീർത്തും കീഴ്പ്പെടുന്ന കാഴ്ചയ്ക്കായിരുന്നു യുദ്ധത്തിന് തൊട്ടുമുമ്പും യുദ്ധത്തിലുടനീളവും കാണാനായത്. യുഎസിന്റെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി വിജയിക്കാത്തതും പ്രഖ്യാപിത ലക്ഷ്യത്തിലെത്താനാകാത്തതും കാര്യമാക്കാതെ അവർ യുദ്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ലെബനനിലെ ഹിസ്ബുള്ളയോടടക്കം യുദ്ധം ചെയ്ത ഇസ്രയേലുമിപ്പോൾ യുദ്ധം ചെയ്യാനാളില്ലാത്ത അവസ്ഥയിലാണ്.
ഇതിനിടെ ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മോദിയുടെ പ്രസ്‌താവന ഇങ്ങനെയായിരുന്നു. എല്ലാ യുദ്ധങ്ങളുടെയും കാരണക്കാരായ അമേരിക്കയെ കുറ്റപ്പെടുത്താതെ ലോകത്തിലെ സംഘർഷങ്ങളെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
അനിശ്ചിതത്വത്തിലൂടെയും അസ്ഥിരതയിലൂടെയുമാണ് ലോകം കടന്നുപോകുന്നത്. ഉക്രയ്‌ൻ മുതൽ പശ്ചിമേഷ്യ വരെ, ലോകത്തിലെ വിവിധ ഭാഗങ്ങൾ നിലവിൽ സംഘർഷത്തെ അഭിമുഖീകരിക്കുന്നു എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഇറാൻ കത്തിയമരുമ്പോൾ യുഎസിനെപ്പറ്റി മിണ്ടാതെ
യുദ്ധത്തെക്കുറിച്ച് മാത്രം പറഞ്ഞ മോദി വീണ്ടും ഇന്ത്യൻ വിദേശനയം എന്ന മഹത്തായ ചരിത്രം പൂർണമായി ഇല്ലാതാക്കുകയായിരുന്നു










0 comments