ചർച്ചകളിലെ അമേരിക്കൻ ചാഞ്ചാട്ടം സമാധാനത്തിന് ആശങ്ക: ഇറാൻ

തെഹ്റാൻ: ഇറാൻ യുഎസ് സമാധാന ശ്രമവുമായി ബന്ധപ്പെട്ട് നിരന്തരമായി അമേരിക്ക നയം മാറ്റുന്നതിൽ ആശങ്കയറിയിച്ച് ഇറാൻ. യുഎസ് നിരന്തരം അഭിപ്രായം മാറ്റുന്നത് ചർച്ചകളിൽ പ്രശ്നങ്ങളുണ്ടാക്കുന്നതായും ഇറാൻ പറയുന്നു. മുൻകാല കരാറുകളിലെ ചർച്ചകളിൽ പോലും, ഓരോ തവണയും അമേരിക്ക പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയോ അല്ലെങ്കിൽ ആവശ്യങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്യാറുണ്ടെന്നും ഇറാൻ പറഞ്ഞു
നിലവിൽ രണ്ട് പ്രധാന തടസ്സങ്ങൾ ഉയർന്നുവരുന്നതായും ഇറാൻ പറയുന്നു. ഒന്നാമത്തേത് ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത്, വെടിനിർത്തൽ അവർ ലെബനനെയും ഉൾപ്പെടുത്തുമോ എന്നതും, ഉൾപ്പെടുത്തുകയാണെങ്കിൽ അത് ഏത് രീതിയിലായിരിക്കും എന്നതുമാണ്.
മരവിപ്പിച്ച ആസ്തികളെക്കുറിച്ച്, "പണം ഇല്ലെങ്കിൽ നടപടിയില്ല" (no dust, no dollars) എന്ന നയത്തിലേക്ക് അമേരിക്ക തിരിച്ചെത്തിയിരിക്കുകയാണെന്ന് അവർ പറയുന്നു. ലളിതമായി പറഞ്ഞാൽ, ആണവ അവശിഷ്ടങ്ങൾ (ഉയർന്ന തോതിൽ സമ്പുഷ്ടമാക്കിയ യുറേനിയം) കൈമാറുന്നത് വരെ നിങ്ങളുടെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകില്ല എന്നാണ് അമേരിക്ക ഇറാനോട് പറയുന്നത്.
സമാധാന ചർച്ചകൾക്ക് ഇസ്രയേൽ തടസം വരുത്തുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അമേരിക്കയുടെ നിലപാടില്ലായ്മ സമാധാന ശ്രമങ്ങൾക്ക് വിലങ്ങുതടിയാകുന്നത്. സമാധാന ചർച്ച ഏറെക്കുറെ പൂർണമായി ധാരണയായയെന്നും ഉടൻ ഉടനടിയുണ്ടാകുമെന്നും പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ സമ്മർദ്ദത്തെ തുടർന്ന് പൊടുന്നനെ മലക്കംമറിഞ്ഞിരുന്നു. ചർച്ചകൾ കൃത്യമായാണ് മുന്നോട്ടുപോകുന്നതെങ്കിലും കരാറിലേക്ക് തിടുക്കംകൂട്ടി എടുത്തുചാടരുതെന്ന് യുഎസ് പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയതായാണ് ട്രംപ് പറഞ്ഞത്.
കരാർ ഒപ്പുവയ്ക്കുന്നതുവരെ ഹോർമുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം തുടരും. ഇറാനുമായി കരാർ ഏറെക്കുറെ ഒപ്പുവയ്ക്കാവുന്ന ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്നാണ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്.










0 comments