print edition തീപിടിച്ച ആകാശത്തിന് താഴെ ഇറാൻ ജനത

തെഹ്‌റാൻ:
ഒരു മാസം മുൻപുള്ള ഇറാനല്ല ഇപ്പോൾ. യുഎസ്– ഇസ്രയേൽ മിസൈലുകൾ വന്നുപതിച്ച ഫെബ്രുവരി 28നുശേഷം രാജ്യത്തിന്റെ ഹൃദയതാളം പാടെ തെറ്റി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കും തീപിടിച്ച ആകാശത്തിനും താഴെ, മാതൃഭൂമിക്കായി ജീവൻ പോലും ത്യജിക്കാന്‍സന്നദ്ധരായ ജനത. തകര്‍ന്ന സമ്പദ്‌വ്യവസ്ഥ അവരുടെ ജീവിതം നരകതുല്യമാക്കി. യുദ്ധം ഇറാൻ ജനതയുടെ സ്വപ്നങ്ങളെയും ഉപജീവനത്തെയും ഒരുപോലെ ചാരമാക്കി.
ജനുവരിയിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ മുറിവുണങ്ങും മുൻപേ എത്തിയ യുഎസ്– -ഇസ്രയേൽ ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കി. ഇന്റർനെറ്റ് നിശ്ചലമായതോടെ ഓൺലൈൻ വ്യാപാരത്തെ ആശ്രയിച്ചിരുന്ന ലക്ഷക്കണക്കിന് യുവജനങ്ങളുടെ വരുമാനം ഇല്ലാതായി. വിപണിയിൽ ഭക്ഷണസാധനങ്ങൾക്കും അവശ്യവസ്തുക്കൾക്കും തീപിടിച്ച വില. വർഷങ്ങളായി തുടരുന്ന ഉപരോധങ്ങൾ ഇറാൻ കറന്‍സിയുടെ മൂല്യം തകർത്തു.
യുദ്ധം ആ തകർച്ചയുടെ ആഴം കൂട്ടി.
ആശുപത്രികളുടെ അവസ്ഥ ദയനീയമാണ്. വടക്കൻ ഇറാനിലെ രഷ്ത് പോലുള്ള നഗരങ്ങളിലേക്ക് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതോടെ അവിടുത്തെ ആരോഗ്യ സംവിധാനങ്ങൾ താളംതെറ്റി. ഇറാന്റെ സൈനിക ശേഷിയെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ളതാണ് തങ്ങളുടെ നീക്കങ്ങളെന്ന് യുഎസും ഇസ്രയേലും അവകാശപ്പെടുമ്പോഴും, തകരുന്നത് സാധാരണക്കാരുടെ വീടുകളും അവരുടെ സമാധാനവുമാണ്. ശാരീരികമായും സാമ്പത്തികമായും തകർന്നേക്കാം, പക്ഷേ ഈ മണ്ണിൽ കൂടുതൽ കരുത്തോടെ അതിജീവിക്കുമെന്ന നിശ്ചയദാർഢ്യം ഓരോ സ്ഫോടനത്തിനിടയിലും ഇറാനിയന്‍ ജനത പ്രകടിപ്പിക്കുന്നു.










0 comments