മനുഷ്യത്വത്തിന്റെ പരാജയം: ഗുട്ടെറസ്‌

‘ഇ‍ൗ ക്ഷാമം നമ്മെയെല്ലാം വേട്ടയാടണം’

un report on Gaza Famine

ഭക്ഷ്യക്ഷാമം രൂക്ഷമായ വടക്കന്‍ ഗാസയില്‍നിന്ന് അവശയായ കുട്ടിയുമായി പലായനം ചെയ്യുന്ന പലസ്തീന്‍ യുവതി

വെബ് ഡെസ്ക്

Published on Aug 23, 2025, 02:54 AM | 2 min read

ജനീവ

‘അനുവദിച്ചിരുന്നെങ്കിൽ തടയാൻ കഴിയുമായിരുന്ന ക്ഷാമമാണിത്. ഇസ്രയേലിന്റെ ആസൂത്രിത തടസങ്ങൾ കാരണം ഭക്ഷണ സാധനങ്ങൾ അതിർത്തികളിൽ കുന്നുകൂടിക്കിടക്കുമ്പോഴാണ്‌ ഗാസ പട്ടിണി കിടക്കുന്നത്‌. ഇ‍ൗ ക്ഷാമം നമ്മെയെല്ലാം വേട്ടയാടണം’– യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് മേധാവി ടോം ഫ്ലെച്ചർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ഗാസ മുനമ്പിലെ പട്ടിണി വിശകലനം ചെയ്യാൻ തുടങ്ങിയതിനുശേഷം സ്ഥിതിഗതികൾ ഏറ്റവും മോശമായ അവസ്ഥയിലാണ്‌ ഇപ്പോഴെന്ന്‌ ഇന്റർനാഷണൽ പ്ലാനിങ്‌ കമ്മിറ്റി ഫോർ ഫുഡ്‌ സോവെറെനിറ്റി (ഐപിസി) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇസ്രയേലി ആക്രമണം രൂക്ഷമായതോടെ ജനങ്ങളുടെ വൻതോതിലുള്ള കുടിയിറക്കവും ഭക്ഷണവിതരണത്തിനുള്ള കടുത്ത നിയന്ത്രണവുമാണ്‌ സ്ഥിതി വഷളാക്കിയതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.


വെടിനിർത്തൽ ഉടമ്പടി ലംഘിച്ച്‌ ആക്രമണം ശക്തമാക്കിയ ഇസ്രയേൽ മാർച്ച് ആദ്യമാണ്‌ ഗാസയിൽ സഹായവിതരണം പൂർണമായും നിരോധിച്ചത്‌. ജനങ്ങൾ കൂട്ടമരണത്തിന്റെ വക്കിലെത്തിയതോടെ മെയ് അവസാനം വളരെ പരിമിതമായ അളവിൽ സഹായവിതരണം അനുവദിച്ചു. എന്നാൽ ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കടുത്ത ക്ഷാമത്തിലേക്കാണ്‌ ഗാസ നീങ്ങിയത്‌. ഗാസയിലുടനീളം പടരുന്ന കൊടുംക്ഷാമത്തെക്കുറിച്ച്‌ നൂറിലധികം സന്നദ്ധസംഘടനകളും അന്താരാഷ്‌ട്ര ഏജൻസികളും ലോകത്തെ അറിയിച്ചിരുന്നു. യുഎൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ വഴങ്ങിയില്ല.


പ്രാദേശികമായ ഭക്ഷ്യോൽപ്പാദനവും തകർന്നതായി ഐപിസി ചൂണ്ടിക്കാട്ടി. ഗാസ മുനമ്പിലെ കൃഷിഭൂമിയുടെ 98 ശതമാനവും നശിച്ചു. കന്നുകാലികൾ നാമാവശേഷമായി. മീൻപിടിത്തം ഇസ്രയേൽ നിരോധിച്ചിരിക്കുകയാണ്‌. സുരക്ഷിതമായ കുടിവെള്ളംപോലും ഇല്ലാതാവുകയാണെന്ന്‌ റിപ്പോർട്ടിൽ ആശങ്ക പങ്കുവയ്ക്കുന്നു.


ഭക്ഷ്യപ്രതിസന്ധികളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ യുഎൻ ചുമതലപ്പെടുത്തിയ നിരീക്ഷകരുടെ കൂട്ടായ്മയാണ് ഐപിസി.


22 മാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തിൽ 62,192 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നാണ്‌ ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. ഇവരിൽ ഭൂരിപക്ഷവും കുട്ടികളും സ്‌ത്രീകളുമാണ്‌.


മനുഷ്യത്വത്തിന്റെ പരാജയം: ഗുട്ടെറസ്‌

ഗാസയിലെ ക്ഷാമം മനുഷ്യനിർമിത ദുരന്തമാണെന്നും മനുഷ്യത്വത്തിന്റെ തന്നെ പരാജയമാണെന്നും ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ‘ക്ഷാമം ഭക്ഷണവുമായി ബന്ധപ്പെട്ടത് മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പിന് ആവശ്യമായ വ്യവസ്ഥകളുടെ ബോധപൂർവമായ തകർക്കലാണ്. ജനങ്ങൾ പട്ടിണിയിലാണ്. കുട്ടികൾ മരിക്കുന്നു. നടപടിയെടുക്കേണ്ട ബാധ്യതയുള്ളവരും പരാജയപ്പെടുന്നു’– ഗുട്ടെറസ് പറഞ്ഞു.


അധിനിവേശ ശക്തിയായ ഇസ്രയേലിന് അന്താരാഷ്ട്ര നിയമപ്രകാരം ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വൈദ്യസഹായങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട കടമയുണ്ട്‌. ഈ സാഹചര്യം തുടരാൻ അനുവദിക്കാനാവില്ല. ഇനി ഒഴിവുകഴിവുകളില്ല. നടപടിയെടുക്കേണ്ട സമയം നാളെയല്ല - ഇപ്പോഴാണ്– യുഎൻ മേധാവി പറഞ്ഞു. മനുഷ്യനിർമിതവും വ്യാപകവുമായ പോഷകാഹാരക്കുറവ് കാരണം കുട്ടികൾക്ക് സാധാരണരോഗങ്ങൾ പോലും മാരകമായി മാറുന്നുവെന്ന്‌ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ തെദ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home