ഹോര്‍മുസ് പ്രതിസന്ധി, യുഎന്നിൽ പ്രതിഷേധം ഉയര്‍ത്തി ഇന്ത്യ; പ്രതികരണം കപ്പൽ മുക്കിയതിന് പിന്നാലെ

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലെ സമാധാനാന്തരീക്ഷം തകർക്കുന്ന നടപടികൾക്കെതിരെ യുണൈറ്റഡ് നേഷൻസിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ പ്രത്യേക യോഗത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പർവതനേനി ഹരീഷ് ആണ് നിലപാട് അറിയിച്ചത്.
മേയ് 13-ന് ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണമാണ് ഇന്ത്യയുടെ ഈ പെട്ടെന്നുള്ള പ്രതികരണത്തിന് കാരണം. സൊമാലിയയിൽ നിന്നും യു എ ഇ-യിലെ ഷാർജയിലേക്ക് പോവുകയായിരുന്ന 'ഹാജി അലി' എന്ന ഇന്ത്യൻ പതാക ഘടിപ്പിച്ച വാണിജ്യ കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിക്കുകയും മുങ്ങുകയും ചെയ്തു. ഒമാൻ അധികൃതർ കൃത്യസമയത്ത് ഇടപെട്ട് കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷിച്ച് ദിബ്ബ തുറമുഖത്ത് എത്തിച്ചു. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ എത്തിയ സമയത്താണ് ഈ ആക്രമണം നടന്നത്
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ ആരംഭിച്ച സംഘർഷം ഈ മേഖലയിലെ കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് മുൻപും രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എന്നാൽ ഇന്ത്യ ഇതുവരെ ഇറാനെതിരെ നേരിട്ട് പ്രതികരിച്ചിരുന്നില്ല.
ആരും ഏറ്റെടുക്കാത്ത ആക്രമണം
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും, സാധാരണക്കാരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതും, ഹോർമുസ് കടലിടുക്കിലെ സ്വതന്ത്ര കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് എന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനുള്ള അന്താരാഷ്ട്ര നിയമങ്ങൾ എല്ലാ രാജ്യങ്ങളും പൂർണ്ണമായി മാനിക്കണമെന്നും ആവശ്യപ്പെട്ടു.
മേയ് 13-ലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനോ മറ്റേതെങ്കിലും ഗ്രൂപ്പുകളോ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. ഇറാനെ നേരിട്ട് പേരെടുത്ത് കുറ്റപ്പെടുത്താതെ ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഇന്ത്യ ചെയ്തത്.










0 comments