ad
Deshabhimani

എബോളയെ ചെറുക്കാൻ ഐക്യരാഷ്ട്ര സംഘടന; 60 മില്യൺ ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ചു

Ebola.jpg
വെബ് ഡെസ്ക്

Published on May 23, 2026, 01:44 PM | 1 min read

ജനീവ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും സമീപ പ്രദേശങ്ങളിലും പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയെ പ്രതിരോധിക്കാൻ 60 മില്യൺ ഡോളർ (ഏകദേശം 500 കോടിയിലധികം രൂപ) അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന.


യുഎന്നിന്റെ സെൻട്രൽ എമർജൻസി റെസ്‌പോൺസ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്ന് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് ആൻഡ് എമർജൻസി റിലീഫ് കോർഡിനേറ്റർ ടോം ഫ്ലെച്ചർ അറിയിച്ചു. എബോള വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് ലക്ഷ്യം.


നിലവിൽ കോംഗോയിൽ പടരുന്നത് എബോളയുടെ 'ബുന്ദിബുഗ്യോ' വകഭേദമാണെന്നും ഇതിനെതിരെ ഇതുവരെ ഫലപ്രദമായ വാക്‌സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമായിട്ടില്ലെന്നും അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നു.


ആഭ്യന്തര സംഘർഷങ്ങളും ജനങ്ങളുടെ വലിയ തോതിലുള്ള കൂട്ടപ്പലായനങ്ങളും രോഗവ്യാപനത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലടക്കം മുൻനിര ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായി എത്തുവാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിവരികയാണെന്ന് യുഎൻ വക്താക്കൾ അറിയിച്ചു.


കോംഗോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലും യുഎൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോംഗോയിൽ നിന്ന് ഉഗാണ്ടയിലേക്ക് രോഗം പടർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.


ഇതിനിടെ, എബോള പ്രതിരോധത്തിനായി നോർവെ സർക്കാർ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഫണ്ടിലേക്ക് 50 മില്യൺ നോർവീജിയൻ ക്രോണർ (ഏകദേശം 5.39 മില്യൺ ഡോളർ) ധനസഹായം പ്രഖ്യാപിച്ചു.


രോഗബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന കോംഗോയിലെ ദേശീയ തലത്തിലുള്ള രോഗസാധ്യത 'വളരെ ഉയർന്നത്' എന്ന് പുതുക്കി നിശ്ചയിച്ചു. എന്നാൽ ആഗോളതലത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home