ad
Deshabhimani

റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം; അഞ്ച് കപ്പലുകൾ തകർത്തു

Ukrain attack

റഷ്യൻ കപ്പലുകൾക്ക് നേരെ നടന്ന യുക്രെയ്ന്റെ ഡ്രോൺ ആക്രമണം |Photo:Observator Antena1

വെബ് ഡെസ്ക്

Published on Jun 05, 2026, 09:01 PM | 1 min read

കീവ് : അസോവ് കടലിലും റഷ്യൻ അധിനിവേശ പ്രദേശങ്ങളുടെ തീരക്കടലിലും നിയമവിരുദ്ധമായി ചരക്കുമായി പോയ അഞ്ച് കപ്പലുകൾ ഡ്രോൺ ആക്രമണത്തിലൂടെ തകർത്തതായി യുക്രെയ്ൻ. യുക്രെയ്നിൽ നിന്നുള്ള ധാന്യങ്ങൾ, സൈനിക സാമഗ്രികൾ, ഇന്ധനങ്ങൾ എന്നിവ അനധികൃതമായി കടത്തുന്നതിന് ഉപയോഗിച്ചിരുന്ന കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ ഡ്രോൺ ഫോഴ്സ് കമാൻഡർ റോബർട്ട് ബ്രോവ്ഡി അറിയിച്ചു.


മരിയുപോൾ, ബെർദ്യാൻസ്ക് തുറമുഖങ്ങളിലും താൽക്കാലിക റഷ്യൻ അധിനിവേശ പ്രദേശങ്ങളിലെ തീരങ്ങളിലുമാണ് രാത്രിയിൽ ആക്രമണം നടന്നത്. റഡാറുകൾ ഓഫാക്കിയും പേര് മായ്ച്ചുകളഞ്ഞുമാണ് ഈ ചരക്കുകപ്പലുകളും ടാങ്കറുകളും സർവീസ് നടത്തിയിരുന്നത്. ആക്രമണത്തിൽ തകർന്ന രണ്ട് കപ്പലുകളിൽ ഉണ്ടായിരുന്ന തങ്ങളുടെ 5 പൗരന്മാർ കൊല്ലപ്പെട്ടതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 'നാസ്ത്ര', 'സിർക്കോൺ' എന്നീ കപ്പലുകളിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അസർബൈജാൻ വ്യക്തമാക്കിയിട്ടില്ല.


റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് യുക്രെയ്ൻ ആക്രമണം ശക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാൻ പുടിനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. നാലാം വർഷത്തിലേക്ക് കടന്ന യുദ്ധം കാരണം റഷ്യൻ ജനത മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലും ഇന്ധനക്ഷാമത്തിലും വിലക്കയറ്റത്തിലും വലഞ്ഞതായി സെലൻസ്കി പറഞ്ഞു.


അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ യുക്രെയ്നിൽ റഷ്യ നടത്തിയ തിരിച്ചടിയിൽ 13 പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കീവിന് പുറത്തുള്ള ഡയറി ഫാക്ടറിക്ക് നേരെയും ഖേർസണിലെ പെട്രോൾ പമ്പിന് നേരെയും റഷ്യ ഡ്രോൺ ആക്രമണം നടത്തി. ഇതിനിടെ റൊമാനിയൻ തീരത്ത് യുക്രെയ്ന്റെ നാവിക ഡ്രോൺ പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുണ്ട്. അക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home