ad
Deshabhimani

യുദ്ധ ലക്ഷ്യങ്ങളായി ഊര്‍ജ കേന്ദ്രങ്ങൾ

റഷ്യയുടെ എണ്ണശുദ്ധീകരണ ശാലകളിൽ ഉക്രെയിൻ ഡ്രോൺ ആക്രമണം, ആശങ്കയോടെ ലോകം

oil
വെബ് ഡെസ്ക്

Published on May 02, 2026, 03:09 PM | 1 min read

മോസ്കോ: റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണ വ്യവസായത്തെ ലക്ഷ്യമിട്ട് ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ. അതിർത്തിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള എണ്ണ ശുദ്ധീകരണശാലകളും കയറ്റുമതി കേന്ദ്രങ്ങളും ഉക്രെയ്‌ൻ ലക്ഷ്യമാക്കി. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ വില കുതിച്ചുയരുമ്പോഴാണ് സാഹചര്യം.


കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കരിങ്കടൽ തീരത്തെ തുവാപ്‌സെ എന്ന പട്ടണത്തിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ നാല് തവണയാണ് ഡ്രോൺ ആക്രമണമുണ്ടായത്. യുദ്ധമുന്നണിയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയാണിത്. ആക്രമണത്തെത്തുടർന്ന് തിളച്ചുമറിഞ്ഞ എണ്ണ തെരുവുകളിലേക്ക് ഒഴുകുകയും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.


റഷ്യയുടെ പെർം മേഖലയിലും ഡ്രോൺ എത്തി. ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് 1,500 കിലോമീറ്റർ അകലെയുള്ള എണ്ണ പമ്പിംഗ് സ്റ്റേഷനിൽ സ്ഫോടനം ഉണ്ടായി. സെന്റ് പീറ്റേഴ്‌സ്ബർഗിന് അടുത്തുള്ള ഉസ്റ്റ്-ലുഗ ടെർമിനലിനും നേരെ ആക്രമണമുണ്ടായി.


ഈ വർഷം മാത്രം എണ്ണ മേഖലയിലുണ്ടായ ആക്രമണങ്ങൾ വഴി മാത്രം റഷ്യയ്ക്ക് 7 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയതായി ഉക്രേനിയൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കി അവകാശപ്പെടുകയും ചെയ്തു. ഏകദേശം 58,000 കോടി രൂപയുടെ നഷ്ടമാണ്.


ഇറാൻ-ഇസ്രായേൽ സംഘർഷം മൂലം ആഗോളതലത്തിൽ എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് താൽക്കാലികമായി തുണയാകുന്നുണ്ട്. എങ്കിലും, ഡ്രോൺ ആക്രമണങ്ങൾ ശുദ്ധീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ റഷ്യയ്ക്ക് തിരിച്ചടിയാകും. ഇതിന് പിന്നിൽ അമേരിക്കൻ പ്രേരണയും വിലയിരുത്തപ്പെടുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും ഭീഷണിപ്പെടുത്തി പിൻവാങ്ങിപ്പിച്ച സാഹര്യമാണ്. റഷ്യ എണ്ണ വിറ്റ് നേടുന്ന സമ്പത്ത് യുദ്ധത്തിന് ഉപയോഗിക്കുന്നു എന്നാണ് ആരോപണം.


ആക്രമണങ്ങൾ കാരണം എണ്ണപ്പാടങ്ങൾക്ക് തീപിടിച്ച് കരിങ്കടൽ തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 'കറുത്ത മഴ' പെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. പുക അന്തരീക്ഷത്തിൽ കലർന്ന് എണ്ണത്തുള്ളികളായി താഴേക്ക് പതിക്കുന്നു. ഇത് ജനങ്ങളുടെ ചർമ്മത്തിനും വസ്ത്രങ്ങൾക്കും കേടുപാടുകൾ വരുത്തും. എണ്ണ കലർന്ന കടൽ ജലം മൂലം ഡോൾഫിനുകൾ തീരത്തടിയുന്നതായും പക്ഷികൾ ചത്തുപൊങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അന്തരീക്ഷത്തിൽ കാൻസറിന് കാരണമായേക്കാവുന്ന ബെൻസീന്റെ അളവ് വർദ്ധിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home