ad
Deshabhimani

എപ്‌സ്റ്റീനുമായി ബന്ധം: ബ്രിട്ടീഷ് മുൻ ബിസിനസ് സെക്രട്ടറി പീറ്റർ മാൻഡൽസനെതിരെ ക്രിമിനൽ അന്വേഷണം

epstein Mandelson
വെബ് ഡെസ്ക്

Published on Feb 04, 2026, 02:44 PM | 1 min read

ലണ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ മുൻ ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി പീറ്റർ മാൻഡൽസനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ച് മെട്രോപൊളിറ്റൻ പൊലീസ്. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്നാണ് സ്കോട്ട്‌ലൻഡ് യാർഡ് ഈ നിർണ്ണായക നടപടി സ്വീകരിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ഗുരുതരമായ കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയുകയാണെങ്കിൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്നതാണ്.


2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ബാങ്കർമാരുടെ ബോണസ്, സാമ്പത്തിക ഉത്തേജന പാക്കേജുകൾ എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ ആഭ്യന്തര ചർച്ചകളുടെ വിവരങ്ങൾ മാൻഡൽസൺ എപ്‌സ്റ്റീന് കൈമാറിയെന്നാണ് കണ്ടെത്തൽ. ഔദ്യോഗിക പ്രഖ്യാപനത്തിന് ഒരു ദിവസം മുൻപേ യൂറോ ബെയ്‌ലൗട്ട് പാക്കേജിന്റെ വിവരങ്ങൾ ചോർത്തിയതായും രേഖകൾ വ്യക്തമാക്കുന്നു. എപ്‌സ്റ്റീനിൽ നിന്ന് ഏകദേശം 75,000 ഡോളർ മാൻഡൽസൺ കൈപ്പറ്റിയതായി ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ സൂചനയുണ്ടെങ്കിലും തനിക്ക് അത് ഓർമ്മയില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം.


ആരോപണങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയായതോടെ മാൻഡൽസൺ ചൊവ്വാഴ്ച ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് രാജിവെച്ചു. പീറ്റർ മാൻഡൽസൺ രാജ്യത്തെ വഞ്ചിച്ചുവെന്ന് പ്രതികരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, അദ്ദേഹത്തിന്റെ 'പീർ' പദവി റദ്ദാക്കാൻ പ്രത്യേക നിയമനിർമ്മാണം നടത്തുമെന്നും വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി മാൻഡൽസന്റെ ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പരിശോധിക്കും. കൂടാതെ അന്നത്തെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇതോടെ മാൻഡൽസനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിക്കാനുള്ള സ്റ്റാർമറുടെ മുൻ തീരുമാനവും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home