ഇറാന്റെ ഐആർജിസിയെ നിരോധിക്കാൻ ബ്രിട്ടൻ; പാർലമെന്റിൽ നടപടി ആരംഭിച്ചു

പ്രതീകാത്മക ചിത്രം
ലണ്ടൻ : പശ്ചിമേഷ്യയിൽ അമേരിക്കൻ-ഇസ്രയേൽ സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോപ്സിനെ നിരോധിക്കാൻ ബ്രിട്ടൻ നീക്കം. യുകെയിലെ യഹൂദ സമൂഹങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കും ബ്രിട്ടീഷ് മണ്ണിലെ വധഭീഷണികൾക്കും പിന്നിൽ പ്രവർത്തിച്ചുവെന്ന ആരോപണങ്ങൾ ഉന്നയിച്ചാണ് ഐആർജിസിയെയും ഇറാനുമായി ബന്ധമുള്ള മറ്റൊരു സംഘടനയെയും നിരോധിക്കാൻ തിങ്കളാഴ്ച ബ്രിട്ടൻ തീരുമാനിച്ചത്. ഈ ആഴ്ച പാർലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഈ സംഘടനകളുമായി ബന്ധം പുലർത്തുന്നത് യുകെയിൽ ക്രിമിനൽ കുറ്റമാക്കാനാണ് ബ്രിട്ടീഷ് സർക്കാരിന്റെ നീക്കം.
ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോപ്സിനെയും അതിന്റ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് കമ്പാനിയൻസ് ഓഫ് ദി റൈറ്റ് അഥവാ ഹരകത് അസ്ഹാബ് അൽ-യമീൻ അൽ-ഇസ്‌ലാമിയ എന്ന സംഘടനയെയും ലക്ഷ്യമിട്ടാണ് പുതിയ കരിനിയമമെന്ന് സുരക്ഷാ കാര്യങ്ങൾക്കായുള്ള ഹോം ഓഫീസ് സഹമന്ത്രി ഏഞ്ചല ഈഗിൾ ഹൗസ് ഓഫ് കോമൺസിനെ അറിയിച്ചു.
പലസ്തീനിലെയും പശ്ചിമേഷ്യയിലെയും ഇസ്രയേൽ ക്രൂരതകൾക്കെതിരെയും സാമ്രാജ്യത്വ നയങ്ങൾക്കെതിരെയും ആഗോളതലത്തിൽ ശക്തമായ നിലപാടെടുക്കുകയും പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന രാജ്യമാണ് ഇറാൻ. ഇതിൽ പ്രകോപിതരായാണ് ബ്രിട്ടൻ ഇപ്പോൾ നിരോധനവുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ നാഷണൽ സെക്യൂരിറ്റി ആക്ട് 2026 പ്രകാരം റഷ്യൻ സായുധ സേനയുടെ വോളന്റിയർ കോപ്സിനെയും യുകെ ഈ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു സാധാരണ സൈനിക ശക്തി എന്നതിനപ്പുറം രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്താനും പ്രോക്സി ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാനിയൻ താല്പര്യങ്ങൾ സംരക്ഷിക്കാനും ഐആർജിസി ശ്രമിക്കുന്നുണ്ടെന്ന് പാർലമെന്റിൽ സമർപ്പിച്ച രേഖാമൂലമുള്ള പ്രസ്താവനയിൽ ഏഞ്ചല ഈഗിൾ ചൂണ്ടിക്കാട്ടി. ഇറാന്റെ പരമോന്നത നേതാവിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഐആർജിസി അവരുടെ സുരക്ഷാ സംവിധാനത്തിന്റെ പ്രധാന ഭാഗമാണ്. നിരോധിക്കപ്പെട്ട ഇത്തരം സംഘടനകളെ സഹായിക്കുന്നതും അവർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും ഇവർക്കായി രംഗത്തിറങ്ങുന്നവർക്ക് നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം ജീവപര്യന്തം വരെ തടവ് നൽകുമെന്നും ബ്രിട്ടൻ ഭീഷണിപ്പെടുത്തുന്നു.
ഐആർജിസിയുടെ ഖുദ്സ് ഫോഴ്‌സും ഇന്റലിജൻസ് ഓർഗനൈസേഷനും ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയവുമാണ് പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം ഉയർത്തുന്നത്. വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ യഹൂദ സമൂഹത്തിന്റെ നാല് ആംബുലൻസുകൾക്ക് തീയിട്ട സംഭവത്തിൽ ഇറാന്റെ ഖുദ്സ് ഫോഴ്‌സ് ആണ് നിർദ്ദേശങ്ങൾ നൽകിയതെന്നാണ് യുകെ ആരോപിക്കുന്നത്.
ഐആർജിസിക്ക് മേൽ യുകെ നേരത്തെ തന്നെ പൂർണ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പുതിയ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത് അമേരിക്കൻ - ഇസ്രയേൽ വിരുദ്ധ പ്രതിരോധങ്ങളെ അടിച്ചമർത്താൻ വേണ്ടിയാണ്. പാർലമെന്റ് നടപടികൾ പൂർത്തിയാകുന്നതോടെ പുതിയ നിരോധനം നിലവിൽ വരും. നേരത്തെ ജനുവരിയിൽ യൂറോപ്യൻ യൂണിയനും ഐആർജിസിയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് സമാനമായ സാമ്രാജ്യത്വ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.










0 comments