നേപ്പാളിൽ വിമാനത്തിന് തീപിടിച്ചു; അപകടം ടർക്കിഷ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ

അപകടത്തിൽപെട്ട ടർക്കിഷ് വിമാനം
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ ടയറുകളിൽ നിന്നാണ് തീ പടർന്നത്. 278 യാത്രക്കാരും 11 ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 289 പേരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ഇസ്താംബൂളിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന ടികെ 726 (TK 726) വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ വിമാനത്തിന്റെ വലതുഭാഗത്തെ ലാൻഡിംഗ് ഗിയറിലെ ടയറുകൾക്ക് തീപിടിക്കുകയായിരുന്നു.
റൺവേയിൽ തൊട്ടയുടൻ ടയർ പൊട്ടിത്തെറിക്കുകയും പിന്നാലെ കനത്ത പുകയും തീയുമുണ്ടാവുകയും ചെയ്തു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിമാനത്താവളത്തിലെ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എമർജൻസി എക്സിറ്റുകൾ വഴി യാത്രക്കാരെ ഉടൻ തന്നെ പുറത്തെത്തിച്ചു.
അപകടത്തെത്തുടർന്ന് കാഠ്മണ്ഡു വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ തടസ്സപ്പെട്ടു. സാങ്കേതിക തകരാറാണോ അതോ ലാൻഡിംഗിലെ പിഴവാണോ അപകടത്തിന് പിന്നിലെന്ന് വ്യക്തമല്ല. സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.










0 comments