കൈയിലുണ്ടായിരുന്നത് 5 തോക്കുകൾ; തുർക്കിയിൽ സഹപാഠികളെ കൊലപ്പെടുത്തി 13കാരൻ, ശേഷം സ്വയം വെടിയുതിർത്ത് മരിച്ചു

അങ്കാറ: തുർക്കിയിലെ കഹ്‌റാമൻമാരാസ് പ്രവിശ്യയിലുള്ള സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി നടത്തിയ വെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. സഹപാഠികൾക്ക് നേരെ വെടിയുതിർത്ത ശേഷം 13-കാരനായ അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ് ആക്രമണം നടത്തിയ വിദ്യാർഥി. പിതാവിന്റെ തോക്കുകൾ ബാഗിലാക്കി സ്കൂളിലെത്തിയ കുട്ടി രണ്ട് ക്ലാസ് മുറികളിൽ കയറി ഒളിപ്പിച്ചു വെച്ചിരുന്ന അഞ്ച് തോക്കുകളും ഏഴ് മാഗസിനുകളും ഉപയോഗിച്ച് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനിടെ രക്ഷപ്പെടാനായി കുട്ടികൾ സ്കൂൾ കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തെത്തുടർന്ന് അക്രമിയുടെ പിതാവ് ഉഗുർ മെർസിൻലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്നതിന് കർശന നിയമങ്ങളുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തുർക്കിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്കൂൾ വെടിവെപ്പാണിത്. കഴിഞ്ഞ ദിവസം സിവെറെക് ജില്ലയിലുണ്ടായ സമാനമായ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.
സ്കൂളുകളിലുണ്ടാകുന്ന സുരക്ഷാ വീഴ്ചയിൽ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ആശങ്ക രേഖപ്പെടുത്തി. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അന്വേഷണത്തിന്റെ ഭാഗമായി സ്കൂൾ നാല് ദിവസത്തേക്ക് അടച്ചു.











0 comments