ചൈനക്കെതിരെ ഭീഷണിയുമായി ട്രംപ്; ഇറാനുമായി എണ്ണ വ്യാപാരം തുടർന്നാൽ അധിക നികുതി

പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ : ചൈനക്കും ഇറാനുമെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്ന സാഹചര്യത്തിൽ ചൈനക്ക് അധിക വ്യാപാര നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാന്റെ സാമ്പത്തിക സ്രോതസുകൾ തടയുന്നതിനൊപ്പം ചൈനയുടെ വ്യാപാര മേധാവിത്വത്തിന് തടയിടുകയുമാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇറാനിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമാണ് ചൈന. ഇത് ഇറാന്റെ സാമ്പത്തിക ഭദ്രത നിലനിർത്താൻ സഹായിക്കുന്നതിനാലാണ് ഈ ഭീഷണി. ചൈനയിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇറാനുമായുള്ള ബന്ധം തുടർന്നാൽ ഈ നടപടികൾ കൂടുതൽ കർശനമാക്കുകയും 50 ശതമാനം നികുതി ചുമത്തുമെന്നുമെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള എണ്ണ വ്യാപാരം ചൈന അവസാനിപ്പിക്കണമെന്നും പകരം വെനസ്വേലയിൽ നിന്ന് കുറഞ്ഞ വിലക്ക് ഇന്ധനം നൽകാമെന്നുമാണ് ട്രംപിന്റെ വാഗ്ദാനം. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന വെടിനിർത്തൽ സാഹചര്യം ഇറാൻ ആയുധശേഖരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കയുടെ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രതികരിച്ചു. യുദ്ധത്തിൽ തങ്ങൾ ഒരു പക്ഷത്തിനും ആയുധങ്ങൾ നൽകുന്നില്ലെന്നും എംബസി വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ പോരാട്ടം ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിതരണ ശൃംഖലയെ ബാധിക്കുന്നതിനൊപ്പം ആഗോളതലത്തിൽ ഉല്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കാം.
ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക് ചൈനയുടെ സഹകരണം തടസമാണ്. ഈ സാഹചര്യത്തിൽ വ്യാപാര നികുതി ഉയർത്തി ചൈനയെ സമ്മർദത്തിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇത് പുതിയൊരു വ്യാപാര യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം.










0 comments