"മയക്കുമരുന്ന് ഭീകരത" - വെനിസ്വേലയെ നോട്ടമിട്ട് അമേരിക്കയുടെ പുതിയ നീക്കം

മയക്കു മരുന്ന് ഭീകരതയ്ക്കെതിരെ എന്ന പേരിൽ യു എസ് നടത്തുന്ന സൈനിക നീക്കം വെനിസ്വേലയുടെ തീരത്ത്. കരീബിയൻ, പസഫിക് മേഖലകളിലെ മയക്കുമരുന്ന് കടത്തുകാർക്കെതിരെ എന്ന പേരിൽ തുടങ്ങിയ സൈനിക നീക്കത്തിന്റെ മറവിൽ യുഎസ് ബി വൺ ബോംബറുകൾ വെനിസ്വേലയുടെ തീരമേഖലയിൽ ചുറ്റി പറന്നു. ഒരു ആഴ്ചയ്ക്കിടെ യുഎസ് നടത്തിയ രണ്ടാമത്തെ വ്യോമശക്തി പ്രദർശനമാണിത്.
"മയക്കുമരുന്ന് ഭീകരത"യ്ക്കെതിരായ ആക്രമണത്തിൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം ആവശ്യമില്ല, യു എസ് കോൺഗ്രസിന്റെ അംഗീകാരവും കാത്തിരിക്കേണ്ടതില്ല" - എന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ, വ്യാഴാഴ്ച ടെക്സസിലെ ഡയസ് എയർഫോഴ്സ് ബേസിൽ നിന്ന് രണ്ട് ബി-1 ലാൻസറുകൾ വെനിസ്വേലയ്ക്ക് സമീപം പറന്നു, എന്നിരുന്നാലും അവ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ തന്നെ തുടർന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥനെയും ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട് ചെ്യതു.
കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും അടുത്തിടെ കപ്പലുകൾക്ക് നേരെ നടത്തിയ ബോംബാക്രമണങ്ങൾക്ക് തുടർച്ചയായാണ് പുതിയ നീക്കം. കരയിലും ആക്രമണം നടത്തുമെന്ന് പറഞ്ഞ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു എസ് കോൺഗ്രസിനെ മറികടന്ന് ആക്രമണം നടത്തുമെന്ന സൂചനയാണ് നൽകിയത്.
വെനിസ്വേലയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ നടത്താൻ സിഐഎയ്ക്ക് അധികാരമുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ഭീഷണിയിൽ സ്വന്തം പരമാധികാരം നിഷേധിക്കപ്പെട്ട പ്യൂർട്ടോ റിക്കോ കേന്ദ്രമാക്കിയാണ് അമേരിക്ക സൈനിക നീക്കങ്ങൾക്ക് തുടക്കമിട്ടത്.
1898 മുതൽ യുഎസ് ഭരണത്തിൻ കീഴിൽ ഞെരിച്ചമർത്തപ്പെട്ട ഈ ദ്വീപ് രാജ്യത്തെ വീണ്ടും യുഎസ് സൈനിക വേദിയായി ഉപയോഗിക്കുകയാണ്. ഇത്തവണ "മയക്കുമരുന്നിനെതിരായ യുദ്ധം" എന്ന ആഖ്യാനമാണ് ലാറ്റിൻ അമേരിക്കയുടെ സ്വതന്ത്ര ഗവൺമെന്റുകൾക്കെതിരായ ബലപ്രയോഗത്തിന് പ്രയോജനപ്പെടുത്തുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഇവിടത്തെ താവളങ്ങളും റൺവേകളും വീണ്ടും അമേരിക്ക സജീവമാക്കി. F-35 യുദ്ധവിമാനങ്ങൾ വിന്യസിച്ചു, P-8 സമുദ്ര പട്രോളിംഗ് വിമാനങ്ങൾ സ്ഥാപിച്ചു. പ്യൂർട്ടോ റിക്കൻ തുറമുഖങ്ങളിലൂടെയും വ്യോമതാവളങ്ങളിലൂടെയും യു എസ് മറൈൻ സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഔദ്യോഗിക ന്യായീകരണം "മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ" എന്നാണ്. വെനിസ്വേലയെ ലക്ഷ്യം വച്ചുള്ള ഒരു പ്രാദേശിക സൈനിക നിർമ്മിതിയാണ് ഇവിടെ നടത്തുന്നത് എന്നാണ് യുദ്ധ നിരീക്ഷകരുടെ വിലയിരുത്തൽ. ഇറാഖിനെതിരെ കടന്നാക്രമണം നടത്തിയപ്പോൾ "രാസായുധ" ഭീഷണി എന്ന ആഖ്യാനമാണ് ആദ്യ ഘട്ടം മുതൽ നിർമ്മിച്ചെടുത്തത്.

ആക്രമണം കൊളംബിയയിലേക്കും വ്യാപിച്ചു. അവിടെ ട്രംപ് എല്ലാ യുഎസ് സഹായങ്ങളും നിർത്തലാക്കുകയും പ്രസിഡന്റ് ഗുസ്താവോ പെട്രോയെ "മയക്കുമരുന്ന് നേതാവായി" ആരോപിക്കുകയും ചെയ്തു. വെനിസ്വേലയുടെ തീരത്ത് യുഎസ് ഡ്രോൺ ആക്രമണങ്ങളെ കൊളംബിയൻ പ്രസിഡന്റ് അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം വന്നത്.
ഇതിനിടെ വെനിസ്വേലയിലെയും കൊളംബിയയിലെയും നേതാക്കൾക്കെതിരെ അമേരിക്ക വാചാടോപം വർദ്ധിപ്പിച്ചു. കാരക്കാസിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ബൊഗോട്ടയിൽ ഗുസ്താവോ പെട്രോയും മയക്കുമരുന്ന് കടത്തിൽ പങ്കാളികളാണെന്ന് ട്രംപ് ആരോപിച്ചു.
"ദയവായി സമാധാനം, അതെ എന്നേക്കും സമാധാനം, എന്നേക്കും സമാധാനം. ഭ്രാന്തൻ യുദ്ധം വേണ്ട, ദയവായി!" എന്നാണ് ഗുസ്താവോ പെട്രോ ഇതിനോട് ശാന്തമായി പ്രതികരിച്ചത്.
വെനിസ്വേലയെ ചുറ്റിപ്പറ്റിയുള്ള സംഘർഷം യുഎസ് വിദേശനയത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന പദ്ധതിയുടെ ഭാഗമാണ്. സ്വന്തം വിഭവങ്ങളുടെ മേൽ നിയന്ത്രണം പ്രഖ്യാപിക്കുമ്പോഴും വാഷിംഗ്ടണിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ വിസമ്മതിക്കുമ്പോഴും പല കാരണങ്ങൾ പറഞ്ഞ് അസ്വസ്ഥത തുടങ്ങി വെക്കുന്നതാണ് പതിവ്. വെനിസ്വേല, ക്യൂബ, നിക്കരാഗ്വ എന്നിവയും ഉപരോധങ്ങൾ, രഹസ്യ പ്രവർത്തനങ്ങൾ എന്നിവ വഴി നിയന്ത്രണത്തിലാക്കാൻ ശ്രമം തുടരുന്നു. രാഷ്ട്രീയ അധീശത്വത്തിന് പുറമെ എണ്ണ, ധാതു നിക്ഷേപങ്ങളെ ലക്ഷ്യമാക്കിയുള്ള സാമ്പത്തിക അധീശത്വവും ലക്ഷ്യമാവുന്നു.
ദശാബ്ദങ്ങളായി തുടരുന്നു വേട്ട
1971 ന്റെ അവസാനത്തിൽ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ആണ് മയക്കുമരുന്നിനെതിരായ യുദ്ധം എന്ന പേരിൽ അധിനിവേശ തന്ത്രം ആവിഷ്കരിച്ചത്. വിയറ്റ്നാം യുദ്ധവിരുദ്ധ പ്രതിഷേധക്കാരും കറുത്ത അമേരിക്കക്കാരുമായിരുന്നു അന്ന് മുഖ്യ ലക്ഷ്യം.
"യുദ്ധത്തിനെതിരെയോ കറുത്തവർഗ്ഗക്കാരെ നിയന്ത്രിക്കുന്നതോ നിയമപരമായി നടപ്പാക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.ച പക്ഷേ പൊതുജനങ്ങൾക്ക് മുന്നിൽ ഹിപ്പികളെ മരിജുവാനയുമായും കറുത്തവർഗ്ഗക്കാരെ ഹെറോയിനുമായും ബന്ധപ്പെടുത്താൻ കഴിയും. തുടർന്ന് ഇരുവരെയും ഗുരുതരമായി കുറ്റവാളികളാക്കുന്നതിലൂടെയും നമുക്ക് ആ സമൂഹങ്ങളെ തകർക്കാൻ കഴിയും." ഈ നിലയ്ക്ക് തന്ത്രങ്ങൾ നടപ്പാക്കിയതായി പിൽക്കാലത്ത് നിക്സന്റെ ഉറ്റ സഹായിയായ ജോൺ എർലിച്മാൻ വെളിപ്പെടുത്തിയിരുന്നു.











0 comments