ഇറാന്റെ എണ്ണ ശേഖരം കൈവശപ്പെടുത്തുമെന്ന് ട്രംപ്; വെനസ്വേലയുമായി താരതമ്യം

വാഷിങ്ടൺ : ഇറാൻ–അമേരിക്ക സംഘർഷം തുടരുന്നതിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്. അമേരിക്ക ഇറാനിൽ സൈനിക സാന്നിധ്യം തുടരുമെന്നും ഇറാന്റെ എണ്ണ കൈവശംവയ്ക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വെനസ്വേലയിലെ അമേരിക്കൻ ഇടപെടൽ സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ പരാമർശം.
“ഒന്നുകിൽ ഇറാനിൽ നിന്ന് പുറത്തുവരും; അല്ലെങ്കിൽ വെനസ്വേലയിലെ പോലെ അവിടെ തുടരുകയും എണ്ണ കൈവശംവയ്ക്കുകയും ചെയ്യും” എന്നാണ് ട്രംപ് പറഞ്ഞത്. വെനസ്വേലയിൽ നിന്നുള്ള എണ്ണ വരുമാനം അമേരിക്കയുടെ യുദ്ധച്ചെലവിന് സഹായമായെന്നും ട്രംപ് പറഞ്ഞു.
അയർലൻഡ് സന്ദർശനത്തിനിടെ ഐറിഷ് ഓപ്പൺ ഗോൾഫ് ചാമ്പ്യൻഷിപ്പിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. നവംബറിലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനുമായുള്ള സംഘർഷം അവസാനിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചു. സൗദി എണ്ണ പൈപ്പ്‌ലൈനിലുണ്ടായ ആക്രമണവും വിലവർധന ആശങ്കകൾ ശക്തമാക്കി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 107.82 ഡോളറിലേക്കും WTI 103.22 ഡോളറിലേക്കും ഉയർന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു. വാരാന്ത്യത്തിൽ കടലിടുക്ക് കടന്നത് 14 കപ്പലുകൾ മാത്രമാണെന്നാണ് പ്രാഥമിക കണക്ക്.









0 comments