ad
Deshabhimani

ആസൂത്രണം പാളി

പകർച്ചവ്യാധിയിൽ പകച്ച് കേരളം: ഒരുമാസത്തിനിടെ പനിബാധിച്ച് ചികിത്സ തേടിയത് ലക്ഷം പേർ

fever.
വെബ് ഡെസ്ക്

Published on Sep 14, 2026, 11:03 AM | 2 min read

തിരുവനന്തപുരം: മഴക്കാലമകന്നിട്ടും കേരളത്തിൽ പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. വെള്ളിയാഴ്ച ആരോ​ഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പനി ബാധിച്ച് അന്നേദിവസം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 10387 ആണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടിതൽ പനിബാധിതരുള്ളത്. 1962 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. തിരുവനന്തപുരം - 735, കൊല്ലം - 353, പത്തനംതിട്ട - 348, ആലപ്പുഴ - 430, കോട്ടയം - 356, ഇടുക്കി - 262, എറണാകുളം - 712, തൃശൂർ - 944, പാലക്കാട് - 878, കോഴിക്കോട് - 942, വയനാട് - 686, കണ്ണൂർ - 578, കാസർകോട് - 1201 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. സംസ്ഥാനത്ത് ഇന്നലെ മാത്രം 48 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.


എലിപ്പനി ബാധിതരുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കിടെ വലിയ വർധയുണ്ടായി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും 20 പേരാണ് എലിപ്പനി ബാധിതരായി ചികിത്സ തേടിയത്. കഴിഞ്ഞ തിങ്കളാഴ്ച 12 പേർക്കും ചൊവ്വാഴ്ച 8 പേർക്കും ബുധനാഴ്ച 11 പേർക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇൻഫ്ലുവൻസ രോ​ഗബാധിതരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. 84 പേർക്ക് വെള്ളിയാഴ്ച ഇൻഫ്ലുവൻസ സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച മാത്രം 147 പേർക്കാണ് വൈറൽ ബാധ സ്ഥിരീകരിച്ചത്.


പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യ വിഭാഗം വീഴ്ച വരുത്തിയതോടെ സംസ്ഥാനത്ത് പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികൾ പെരുകുകയാണ്. സെപ്തംബർ മാസം മാത്രം 130291 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. 677 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സ തേടിയിരുന്നു. ഒരു ഡെങ്കിപ്പനി മരണവും റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ആരോഗ്യ സംവിധാനത്തിലെത്തുന്ന രോഗികളുടെ എണ്ണം ഇത്രയധികമായിരിക്കെ, യഥാർഥ രോഗവ്യാപനത്തിന്റെ തോത് ഇതിലും ഉയർന്നതാകുമെന്ന് വ്യക്തമാണ്.


ചൂട് ഉയർന്നതോടെ കൊതുകുകളുടെ വ്യാപനത്തിനും രോഗബാധയ്ക്കും അനുകൂല സാഹചര്യം രൂപപ്പെട്ടു. മഴക്കാലപൂർവ ശുചീകരണവും കൊതുക് നശീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കിയെന്നാണ് ആക്ഷേപം. കൊതുക് വളരുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിലും പൊതുസ്ഥലങ്ങളിലെ ശുചീകരണം ഉറപ്പാക്കുന്നതിലും വീഴ്ച തുടരുകയാണ്. യുഡിഎഫ് സർക്കാർ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത കാട്ടുന്നില്ലെന്ന വിമർശം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.


ഡെങ്കിപ്പനിക്കൊപ്പം ഹെപ്പറ്റൈറ്റിസ് എ കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. രോഗം പടരുന്നതിന് മുമ്പ് ഉറവിടങ്ങൾ കണ്ടെത്തി നിയന്ത്രിക്കുന്നതിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര ശ്രദ്ധ വേണ്ടതെന്നും ജനങ്ങള്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home