ad
Deshabhimani

ഉറ്റവർക്കായി കടലിലിറങ്ങി; പിറന്നാൾ ദിനത്തിൽ സ്റ്റാൻലിയെ മരണം കവർന്നു

drowned to death

ജോസഫ് സ്റ്റാൻലി

വെബ് ഡെസ്ക്

Published on Sep 14, 2026, 11:10 AM | 1 min read

കൊല്ലം : ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച സ്റ്റാൻലിയുടെ വിയോ​ഗത്തിൽ വിതുമ്പി നാട്. പിറന്നാൾ ദിനത്തിലാണ് തിരയിൽ ഒഴുക്കിൽപ്പെട്ട് സ്റ്റാൻലി മരിച്ചത്. പിറന്നാളാഘോഷത്തിനായി ബന്ധുക്കൾക്കൊപ്പം ബീച്ചിലെത്തിയ പള്ളിത്തോട്ടം സംഗമം നഗർ 71ൽ ജോസഫ് സ്റ്റാൻലി (മനോജ്, 48) ആണ് കഴിഞ്ഞ ​ദിവസം അപകടത്തിൽ മരിച്ചത്. ഞായർ പകൽ 1.30 നായിരുന്നു സംഭവം.


കണ്ണനല്ലൂർ സ്വദേശിയായ ഭാര്യാ സഹോദരിയുടെ മക്കൾ ആൻഡ്രിയ, സാന്ദ്രിയ എന്നിവർക്കൊപ്പമാണ് മനോജ് ബീച്ചിലെത്തിയത്. സ്റ്റാന്‍ലിയുടെ പിറന്നാളായിരുന്നു ഞായറാഴ്ച. പിറന്നാള്‍ ആഘോഷത്തിന്‌ എത്തിയ ഉറ്റവരെ കടൽ കാണിക്കാൻ കൊണ്ടുവന്നതാണ്‌. കുട്ടികളാണ്‌ കാൽ നനയ്ക്കാൻ കടലിൽ ഇറങ്ങിയത്‌. ഇവർ ശക്തമായ തിരയിൽപ്പെട്ടു. ഇതുകണ്ട്‌ ഇവരെ രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു മനോജ്‌. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ഷാരോൺ, സോബിൻ, ജോൺസൺ, മിൽട്ടൻ എന്നിവർ നീന്തി കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും മനോജിനെ കണ്ടെത്താനായില്ല.


വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസും സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘവും സ്ഥലത്തെത്തി. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് വള്ളങ്ങളിറക്കി വലവീശിയും തട്ടുമടി വല ഉപയോഗിച്ചും നടത്തിയ തിരച്ചിലിലാണ് വൈകിട്ട് ആറോടെ ബീച്ചിന് സമീപം മൃതദേഹം കണ്ടെത്തിയത്. കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ വിരിച്ച വലയിലാണ്‌ മൃതദേഹം കിട്ടിയത്‌. കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ പ്രസ്സിലെ ജീവനക്കാരനാണ് മനോജ്. ഭാര്യ: മിനിമോൾ. മക്കൾ: ഡോൺ ബോസ്കോ, ഡാനിയല്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home