മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ: മന്ത്രി പോലും അറിയാതെ മാറ്റം; അതൃപ്‌തി പുകയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മാത്രം അറിഞ്ഞുകൊണ്ട്, ഐഎഎസ് തലപ്പത്ത് അടക്കം നടക്കുന്ന സ്ഥലംമാറ്റത്തിനെതിരെ മന്ത്രിമാർക്കിടയിൽ അതൃപ്തി പുകയുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയുള്ള സ്ഥലം മാറ്റത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ രംഗത്തെത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) സ്ഥാനത്ത് മൂന്നര മാസത്തിനിടെ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള പ്രവൃത്തികൾ, ജീവനക്കാരുടെ ക്രമീകരണം, കായിക–കലാ മേളകളുടെ നടത്തിപ്പ്, വിവിധ ടെണ്ടർ നടപടികൾ തുടങ്ങിയ പ്രാധന ചുമതലകൾ വഹിക്കേണ്ട പൊതുവിദ്യാഭ്യാസ ഡയറക്ടറെ തോന്നുന്ന പോലെ മാറ്റുന്നത് ശരിയല്ലെന്ന് മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അരക്കോടിയിലധികം കുട്ടികളുടെ ഭാവി നിശ്‌ചയിക്കുന്ന സുപ്രധാന വകുപ്പിനോടുള്ള യുഡിഎഫ് സർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് സ്ഥലം മാറ്റത്തിലൂടെ തെളിയുന്നത്. രണ്ടേകാൽ ലക്ഷം ജീവനക്കാരുള്ള വകുപ്പ് കൂടിയാണിത്. അദ്ധ്യയന വർഷത്തിന്റെ ആദ്യപകുതിയിലെ ഉദ്യോഗസ്ഥരുടെ നിരന്തരമായ മാറ്റം വകുപ്പിലെ മുഴുവൻ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിച്ചു.
നേരത്തെ റവന്യൂ, വ്യവസായം, കില, ആരോഗ്യം വകുപ്പുകളിൽ മുഖ്യമന്ത്രി ഇടപെട്ട് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. സർക്കാരിന്റെ തുടക്കത്തിൽത്തന്നെ ഇത്തരത്തിൽ കൂടിയാലോചനയില്ലാത്തത് വകുപ്പുകളുടെ ഏകോപനത്തേയും ബാധിക്കുമെന്ന് മന്ത്രിമാർ അറിയിച്ചിരുന്നു. എന്നിട്ടും മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ പോലും ഇടപ്പെട്ട് കൊണ്ടുള്ള സതീശന്റെ ഏകാധിപത്യം തുടരുകായാണ്.









0 comments