ഇറാനെ നേരിട്ട് ആക്രമിക്കണോ? രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് ട്രംപ്

വാഷിങ്ടൺ: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ യുഎസ് സൈന്യം നേരിട്ട് ഇടപെടണോ എന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ശക്തമായ പ്രതിരോധശേഷിയുള്ള ഫോർഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ആക്രമിക്കണോ വേണ്ടയോ എന്ന് ട്രംപ് ആലോചിക്കകയാണ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ട്രംപിന്റെ പ്രസ്താവന സ്ഥിരീകരിച്ചു. ഇറാൻ ആണവോർജ്ജ സംഘടനയുടെ സംരക്ഷണത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഗർഭ കേന്ദ്രമാണ് ഫോർഡോ യുറേനിയം എന്റിച്ച്മെന്റ് സെന്റർ.
അതേസമയം, ഇസ്രയേലും ഇറാനും തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. തെക്കൻ ഇസ്രയേലിലെ പ്രധാന ആശുപത്രിയിലേക്ക് കഴിഞ്ഞദിവസം ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ടെൽ അവീവിനടുത്തുള്ള താമസസ്ഥലങ്ങൾ തകർന്നു. 240 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വകവരുത്തുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കി. തുടർന്നാണ് ട്രംപിന്റെ പ്രസ്താവന.
ബീർഷേബയിലെ ആശുപത്രി ഇറാൻ ആക്രമിച്ചത് യുദ്ധക്കുറ്റമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. ആശുപത്രി സന്ദർശിച്ചശേഷമാണ് നെതന്യാഹുവിന്റെ പ്രസ്‌താവന. എന്നാൽ തകർന്നത് ഗാസയിൽ വംശഹത്യ നടത്തുന്നതിനിടെ പരിക്കേറ്റ ഇസ്രയേൽ സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി എക്‌സിൽ കുറിച്ചു.
യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞരുമായും യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും കൂടിക്കാഴ്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ജനീവയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ആ കൂടിക്കാഴ്ചയിലൂടെ ഇസ്രയേൽ - ഇറാൻ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര സഹായം തേടുമെന്നാണ് കരുതുന്നത്.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ കഴിഞ്ഞ ജൂൺ 13നാണ് പൊട്ടിപ്പുറപ്പെട്ടത്. ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് 263 സിവിലിയന്മാർ ഉൾപ്പെടെ കുറഞ്ഞത് 657 പേർ ഇറാനിൽ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ 2,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 450 മിസൈലുകളും 1,000 ഡ്രോണുകളും ഉപയൊഗിച്ച് ഇറാൻ ആക്രമണം നടത്തിയതായി ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ ഇവയിൽ ഭൂരിഭാഗവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും രാജ്യം അവകാശപ്പെട്ടു.








0 comments