'ഇറാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും'; വീണ്ടും ഭീഷണിയുമായി ട്രംപ്

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങളെ തടസ്സപ്പെടുത്തുകയോ യുഎസ് കപ്പലുകളെ ആക്രമിക്കുകയോ ചെയ്താൽ ഇറാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ, നിലവിലെ സൈനിക നീക്കത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക കരുനീക്കങ്ങളിൽ ഒന്ന് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ ആയുധശേഖരം മുമ്പത്തേക്കാൾ ശക്തമാണെന്നും ആവശ്യമാണെങ്കിൽ ലോകത്തെവിടെയുമുള്ള സൈനിക താവളങ്ങളിലെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് കപ്പലുകളെയും ജീവനക്കാരെയും പുറത്തെത്തിക്കാൻ അമേരിക്ക സൈനിക നീക്കം ആരംഭിച്ചതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ആഗോള വ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ അമേരിക്ക തിങ്കളാഴ്ച നാവിക ഓപ്പറേഷൻ ആരംഭിച്ചു. നിലവിൽ 800-ഓളം കപ്പലുകളും ഇരുപതിനായിരത്തോളം ജീവനക്കാരും ഈ മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം പേർഷ്യൻ കടലിടുക്കിൽ ഏഴ് ഇറാനിയൻ ബോട്ടുകൾ തകർത്തെന്ന് ട്രംപ് അവകാശപ്പെട്ടു. പേർഷ്യൻ കടലിടുക്കിൽ ഇറാൻ്റെ ഏഴ് ബോട്ടുകൾ തകർത്തതായും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടതായും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഉപരോധങ്ങൾക്കും ഭീഷണികൾക്കും പുറമെ നേരിട്ടുള്ള സൈനിക നടപടികളിലേക്ക് കടക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാന ചർച്ചകളെ അട്ടിമറിച്ചുകൊണ്ട് യുഎസ് നടത്തുന്ന ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാണ്.










0 comments