ad
Deshabhimani

യുറേനിയം കൈമാറ്റ തര്‍ക്കത്തിൽ ഉടക്കി സമാധാന നീക്കങ്ങൾ; ഇസ്രയേൽ സമ്മര്‍ദ്ദത്തിൽ നിലപാട് കടുപ്പിച്ച് ട്രംപ്

tnm
വെബ് ഡെസ്ക്

Published on May 22, 2026, 03:27 PM | 3 min read

വാഷിങ്ടൺ: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്മേൽ പൂർണ്ണ നിയന്ത്രണം കൈക്കലാക്കുമെന്ന കർശന നിലപാടിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിച്ചെത്തി. ഇറാനുമായി ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏത് സമാധാനക്കരാറിന്റെയും പ്രധാന നിബന്ധന യുറേനിയം യു എസിന് കൈമാറുക എന്നതായിരിക്കുമെന്ന് വൈറ്റ് ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. യുറേനിയം വിഷയത്തിൽ ഇസ്രയേൽ സമ്മര്‍ദ്ദം കടുപ്പിക്കുകയും കൈവിടില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ച് നിൽക്കയും ചെയ്തതോടെയാണ് ട്രംപിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റം.


"ഞങ്ങൾ അത് കൈക്കലാക്കും. ഞങ്ങൾക്ക് അത് ആവശ്യമില്ല, അത് ആഗ്രഹിക്കുന്നുമില്ല. അത് കിട്ടിക്കഴിഞ്ഞാൽ ഞങ്ങൾ അത് നശിപ്പിച്ചു കളഞ്ഞേക്കാം, എന്നാൽ അത് കൈവശം വെക്കാൻ ഒരുകാലത്തും ഇറാനെ അനുവദിക്കില്ല," ട്രംപ് പറഞ്ഞു.


നിലപാടിലെ മാറ്റം


യു എസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന ഇറാന്റെ ആണവനിലയങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ഏകദേശം 970 പൗണ്ട് (440 കിലോഗ്രാം) അതീവ സമ്പുഷ്ടീകരിച്ച യുറേനിയം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.


കഴിഞ്ഞ ആഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഈ യുറേനിയം ശേഖരം അവശിഷ്ടങ്ങൾക്കടിയിൽ തന്നെ കിടക്കുന്നതിൽ തനിക്ക് വലിയ എതിർപ്പില്ലെന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇത് കേവലം ഒരു 'പബ്ലിക് റിലേഷൻസ്' വിഷയം മാത്രമാണെന്നും അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ നിന്നും വിപരീതമായി ഇറാനെ പൂർണ്ണമായും ആണവമുക്തമാക്കുക എന്ന മുൻ നിലപാടിലേക്ക് ട്രംപ് ഇപ്പോൾ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്.


ആശങ്കയും സമ്മര്‍ദ്ദവും ഇസ്രയേൽ പക്ഷത്ത്


ഇറാനെതിരായ സൈനിക നടപടി ആരംഭിച്ചത് തന്നെ ഇസ്രയേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. സൈനിക ഭരണ നേതൃത്വങ്ങളിൽ ആക്രണത്തിന് അനുകൂല നിലപാട് ഇല്ലാതിരിക്കെ ഡൊൺൾഡ് ട്രംപ് സ്വയം ഇസ്രയേലിന്റെ താത്പര്യത്തിന് വഴങ്ങി യുദ്ധത്തിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ടുകൾ. ഇപ്പോൾ യുറേനിയം നശീകരണ വിഷയത്തിലും ഇസ്രയേലിന്റെ ആശങ്കയ്ക്ക് ഒപ്പം നിൽക്കുകയാണ് ട്രംപം. ഇറാന്റെ കൈവശം ആണവായുധം എത്തുന്നത് മേഖലയിൽ ആഗോള മര്യാദകൾ മറികടന്നുള്ള അധിനിവേശ ശ്രമങ്ങൾ തുടരുന്ന ഇസ്രയേലിന് എക്കാലവും ഭീഷണിയായി തുടരും.


തങ്ങളുടെ പക്കലുള്ള ആണവായുധ നിലവാരത്തോടടുത്ത സമ്പുഷ്ട യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റില്ലെന്ന് ഇറാൻ ആവര്‍ത്തിക്കുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി കഴിഞ്ഞ ദിവസവും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. യുറേനിയം ശേഖരം ഇല്ലാതാവുന്നത് ഭാവിയിൽ യുഎസിൽ നിന്നും ഇസ്രായേലിൽ നിന്നും ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾക്ക് മുന്നിൽ ഇറാന്റെ പ്രതിരോധം ദുർബലമാക്കുമെന്നാണ് ഇറാന്റെ വിലയിരുത്തൽ. ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനുമായി ഈ ശേഖരം രാജ്യത്തിനുള്ളിൽ തന്നെ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന നിലപാടിൽ അവര്‍ ഉറച്ച് നിൽക്കുന്നു.


ഫലത്തിൽ പശ്ചമേഷ്യൻ യുദ്ധം മേഖലയിലെ രാജ്യങ്ങളെ, അമേരിക്ക ഇസ്രയേൽ ഭീഷണി മറികടക്കാൻ ആണവായുധ ശേഷി കൈവരിക്കുക എന്ന ആവശ്യകതയിലേക്ക് എത്തിക്കുകയാണ്. പശ്ചിമേഷ്യയിലെ സായുധ ഇടപെടലുകൾ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യയും ചൈനയും മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഷി പുടിൻ കൂടികാഴ്ചയിൽ ഇത് ആവര്‍ത്തിക്കയും ചെയ്തു.


tpa


നിലവിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ യു എസ്-ഇറാൻ സമാധാന ചർച്ചക്കുള്ള കഠിന ശ്രമം തുടരുകയാണ്. ഇതിനിടയിലാണ് യുറേനിയം സംബന്ധിച്ച ട്രംപിന്റെ നിലപാട് മാറ്റവും ഇറാന്റെ പ്രതികരണവും. യുറേനിയം പൂർണ്ണമായും വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി ആവര്‍ത്തിച്ചത്. ട്രംപിന്റെ പുതിയ പ്രസ്താവന വരാനിരിക്കുന്ന നയതന്ത്ര ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.


ചര്‍ച്ചയെ നിര്‍ണ്ണായകമാക്കുന്നത് ഇസ്രയേൽ നിലപാട്


സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തെത്തിക്കുക എന്ന പ്രധാന ലക്ഷ്യം ഒന്നുകിൽ നയതന്ത്രത്തിലൂടെയോ അല്ലെങ്കിൽ സൈനിക ശക്തിയിലൂടെയോ നടപ്പിലാക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവര്‍ത്തിച്ചത്. ആദ്യത്തെ സമാധാന കരാറും വെടിനിര്‍ത്തലും പുറത്ത് വന്നപ്പോൾ തന്നെ ഇതേ നിലപാട് പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിൽ ഇസ്രായേലിനെ അമേരിക്ക നോക്കുകുത്തിയാക്കി എന്ന പ്രതിപക്ഷ ആരോപണം നെതന്യാഹു നേരിട്ടു. വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ലെന്നും ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പാതയിലെ ഒരു ഇടത്താവളം മാത്രമാണെന്നും ആയിരുന്നു മറുപടി. തങ്ങളുടെ വിരൽ ട്രിഗറിൽ തന്നെയാണ് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


ഒട്ടും അയയാതെ ഇറാനും


യുഎസ്-ഇസ്രായേൽ സംഘർഷം ആരംഭിക്കുന്നതിന് മുൻപ് അറുപത് ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് മാറ്റാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആവർത്തിച്ചുള്ള സൈനിക ഭീഷണികൾക്ക് ശേഷം ഈ നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു. യുറേനിയം വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് പകരം, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി യുടെ മേൽനോട്ടത്തിൽ അതിന്റെ സാന്ദ്രത കുറയ്ക്കുക എന്ന നിർദ്ദേശവും ഇടക്കാലത്ത് ഉയര്‍ന്നു വന്നിരുന്നു.


ട്രംപും നെതന്യാഹുവും ഇടഞ്ഞുവോ


ഇതിനിടെ യുദ്ധ വിഷയത്തിൽ ട്രംപും നെതന്യാഹുവും ഇടഞ്ഞതായും വാര്‍ത്തകൾ പുറത്തെത്തിയിരുന്നു. ഇതും യുറേനിയം വിഷയത്തിലെ നയ മാറ്റത്തിൽ പ്രതിഫലിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇവിടെ ഇസ്രയേലിന്റെ ആശങ്കകളെ ട്രംപ് വിലകല്പിക്കുന്നില്ല എന്നതാണ് കേന്ദ്ര വിഷയമായി മാറുന്നത്.


ഇരു നേതാക്കളും തമ്മിൽ ചൊവ്വാഴ്ച നടന്ന സുദീർഘമായ ടെലിഫോൺ സംഭാഷണത്തിൽ, ഇറാനെതിരേ വ്യോമാക്രമണം പുനഃരാരംഭിക്കണമെന്ന നിലപാടായിരുന്നു നെതന്യാഹു കൈക്കൊണ്ടതെന്നാണ് വിവരം. എന്നാൽ, ആക്രമണം വീണ്ടും ആരംഭിക്കുന്നതിന് മുൻപ് നയതന്ത്രത്തിന് ഒരു അവസരം കൊടുക്കണമെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ നെതന്യാഹു 'തലയ്ക്ക് തീപിടിച്ച' അവസ്ഥയിലായിരുന്നെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. "അദ്ദേഹത്തിന്റെ മുടി കത്തിയിരുന്നു" എന്ന് പോലും റിപ്പോർട്ടിൽ ഈ സാഹചര്യത്തെ കുറിച്ചുള്ള വിശേഷണമായി പറയുന്നു.


ഇറാന്റെ സൈനിക ശേഷിയെ ദുർബലപ്പെടുത്താനും നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർത്ത് ഭരണകൂടത്തെ ദുർബലപ്പെടുത്താനുമായി വ്യോമാക്രമണങ്ങൾ പുനഃരാരംഭിക്കണമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ആക്രമണങ്ങൾ വൈകിപ്പിച്ചത് തെറ്റായി പോയെന്നാണ് താൻ കരുതുന്നതെന്ന് പറഞ്ഞ നെതന്യാഹു, ആക്രമണം നേരത്തെ നിശ്ചയിച്ചതുപോലെ തുടരണമെന്ന് നിർബന്ധം തുടര്‍ന്നതായും വാര്‍ത്തകൾ പുറത്തെത്തി. ഇറാന്റെ സൈനിക ശേഷിയും അതിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും ദുർബലപ്പെടുത്തുന്നതിനായി നെതന്യാഹു മറ്റൊരു ആക്രമണം നടത്താൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home