ഇറാനിൽ യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ ട്രംപ്; കൂടുതൽ ആക്രമണത്തിന് നെതന്യാഹു: തർക്കം മുറുകുന്നു

ബെഞ്ചമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ് Image Credit: Jonathan Ernst/Reuters
വാഷിങ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഭാവിനടപടികളെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. പശ്ചിമേഷ്യയിൽ നയതന്ത്രതലത്തിൽ സമാധാന ചർച്ചകൾക്ക് ട്രംപ് ഭരണകൂടം മുൻകൈയെടുക്കുമ്പോൾ, ഇറാനെതിരെ വീണ്ടും ശക്തമായ വ്യോമാക്രമണം വേണമെന്ന കടുത്ത നിലപാടിലാണ് നെതന്യാഹു. കഴിഞ്ഞദിവസം ഇരുനേതാക്കളും തമ്മിൽ ഫോണിൽ നടത്തിയ ദീർഘസംഭാഷണം കടുത്ത തർക്കത്തിലാണ് കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെ ഇറാനുമായി താൽക്കാലിക വെടിനിർത്തലിനും തുടർചർച്ചകൾക്കും ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഇസ്രായേൽ ഇതിന് വിരുദ്ധമായ നിലപാടുമായി രംഗത്തെത്തിയത്. മേഖലയിൽ മറ്റൊരു വലിയ യുദ്ധം ഒഴിവാക്കാൻ ഖത്തർ, പാകിസ്താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾക്ക് ട്രംപ് പിന്തുണ നൽകിയിട്ടുണ്ട്.
എന്നാൽ, നയതന്ത്ര നീക്കങ്ങളിലേക്ക് കടക്കും മുൻപ് ഇറാന്റെ സൈനിക താവളങ്ങൾക്ക് മേൽ വീണ്ടും ആക്രമണം വേണമെന്നാണ് നെതന്യാഹുവിന്റെ വാദം. ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണങ്ങളുടെ പേരിലും ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അമേരിക്കയുമായി മുൻകൂട്ടി ആലോചിക്കാതെ ലെബനനിൽ ആക്രമണം ശക്തമാക്കരുതെന്നും അത് ഇറാമാറ്റിയുള്ള സമാധാന ചർച്ചകളെ അട്ടിമറിക്കുമെന്നും ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകൾ പരാജയപ്പെടാൻ കാരണം ഇസ്രായേലാണെന്ന വരുത്തിതീർക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇറാൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ പൂർണമായി സഹകരിച്ചു നീങ്ങിയ യുഎസും ഇസ്രായേലും തമ്മിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന ഈ ഭിന്നത പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വരുന്നത് ഇസ്രായേലിൽ നെതന്യാഹുവിനെതിരെ ആഭ്യന്തര രാഷ്ട്രീയത്തിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.











0 comments