ഇന്ത്യ–യുഎസ് ഇടക്കാല വ്യാപാരകരാർ: പ്രഖ്യാപനം ഉടൻ
ബ്രിക്‌സിന് ട്രംപിന്റെ ഭീഷണി ; 10 ശതമാനം അധിക തീരുവ ചുമത്തും

വാഷിങ്‌ടൺ/റിയോ ഡി ജനീറോ
ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്‌മക്കെതിരെ ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്‌സിന്റെ "അമേരിക്കൻ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ഭീഷണി.
പ്രതികാരചുങ്കം ഏർപ്പെടുത്തി വ്യാപാരതടസ്സം സൃഷ്‌ടിച്ച അമേരിക്കയുടെ നടപടിയെ ബ്രിക്‌സ് ഉച്ചകോടി പേരെടുത്തു പറയാതെ അപലപിച്ചു. ഇതേതുടർന്നാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ ഭീഷണി. ‘ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായുള്ള യുഎസ് തീരുവക്കത്തുകൾ അല്ലെങ്കിൽ ഉടമ്പടികൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ വിതരണം ചെയ്യുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധചെലുത്തിയതിന് നന്ദി!’– ട്രംപ് പറഞ്ഞു.
2009ലെ ആദ്യ ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ബ്രിക്സ് ഗ്രൂപ്പ് രൂപീകരിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയെ കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ, ഇൻഡോനേഷ്യ എന്നിവയെ അംഗങ്ങളാക്കി. ട്രംപിന്റെ "വിവേചനരഹിതമായ" ഇറക്കുമതി തീരുവകളെ ബ്രിക്‌സ് ലക്ഷ്യം വച്ചു. എന്നാൽ, ബ്രസീൽ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ യുഎസ് സഖ്യകക്ഷികളെ പരിഗണിച്ച്, ഉച്ചകോടി പ്രഖ്യാപനത്തിൽ അമേരിക്കയെയോ പ്രസിഡന്റിനെയോ പേരുപറഞ്ഞ് വിമർശിക്കാൻ തയ്യാറായില്ല.
എന്നിട്ടും രൂക്ഷമായ വിമർശനവും കടുത്ത ഭീഷണിയുമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. പങ്കാളികൾ "ഡീൽ" ഒപ്പിട്ടില്ലെങ്കിൽ ഏകപക്ഷീയമായ തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ബ്രിക്‌സ് കൂട്ടായ്മ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപിന്റെ ഭീഷണിയോട് ചൈന പ്രതികരിച്ചു. വ്യാപാര യുദ്ധങ്ങൾക്ക് വിജയികളില്ലെന്നും സംരക്ഷണവാദം ഒരു മാർഗവും വാഗ്ദാനം ചെയ്യുന്നില്ലെന്നും ചൈന ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടി ബ്രസീലിന്റെ അധ്യക്ഷതയിൽ റയോ ഡി ജനീറോയിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്‌തു. ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തെ ഉച്ചകോടി വിമർശിച്ചു. ആക്രമണങ്ങളെ "നിയമവിരുദ്ധം’ എന്ന് വിശേഷിപ്പിച്ച പ്രസ്താവന, അന്താരാഷ്ട്ര നിയമം പാലിക്കാൻ ആഹ്വാനംചെയ്തു.
അടുത്തവർഷം ബ്രിക്‌സിന്റെ അധ്യക്ഷപദവി ഇന്ത്യക്കാണ്. ‘സഹകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രതിരോധശേഷിയും നവീകരണവും കെട്ടിപ്പടുക്കുക' എന്നതായിരിക്കും ലക്ഷ്യമെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യ–യുഎസ് ഇടക്കാല വ്യാപാരകരാർ: പ്രഖ്യാപനം ഉടൻ
ഇന്ത്യ–- യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്ടുകൾ. തിങ്കൾ രാത്രി മുതൽ വിവിധ രാജ്യങ്ങളുമായുള്ള തീരുവകളും കരാറുകളും പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യ അടക്കമുള്ള കരാറും ഇതിലുൾപ്പെടുമെന്നാണ് സൂചന. വിവിധ രാജ്യങ്ങൾക്കുമേൽ ട്രംപ് പ്രഖ്യാപിച്ച പകരം തീരുവയുടെ മരവിപ്പിക്കൽ കാലാവധി ബുധനാഴ്‌ച അവസാനിക്കാനിരിക്കെയാണ് കരാറുകളും മറ്റും ഉടൻ പുറത്തുവിടുമെന്ന ട്രംപിന്റെ അറിയിപ്പ്. പകരം തീരുവ ഒഴിവാക്കുന്നതിനായുള്ള ഇന്ത്യാ–യുഎസ് ഇടക്കാല വ്യാപാര ചർച്ചകൾ കഴിഞ്ഞ ബുധനാഴ്‌ച അവസാനിച്ചിരുന്നു. കാർഷിക–ക്ഷീര മേഖലകളുടെ കാര്യത്തിൽ ചില തർക്കങ്ങൾ ബാക്കിവച്ചാണ് ചർച്ച പൂർത്തീകരിച്ചത്.
അതേസമയം ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ട്രംപ് ഉയർത്തിയ പുതിയ ഭീഷണി ഇന്ത്യക്ക് ആശങ്കയാകുന്നുണ്ട്. ബ്രിക്‌സിന്റെ യുഎസ് വിരുദ്ധ നയങ്ങളുമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങളും 20 ശതമാനം തീരുവ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.










0 comments