യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു; പുതിയ അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാൻ ഇറാൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും ട്രംപ് പറഞ്ഞു. "ആണവ പൊടി" (Nuclear dust) എന്നാണ് സമ്പുഷ്ടീകരിച്ച യുറേനിയത്തെ ട്രംപ് വിശേഷിപ്പിച്ചത്.
ഇത് തിരികെ നൽകാൻ അവർ തയ്യാറായിക്കഴിഞ്ഞു. ഇറാനുമായി വളരെ വിജയകരമായ ചർച്ചകളാണ് നടക്കുന്നത്. കരാർ ഒപ്പിടുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്നും സൗജന്യ എണ്ണ ലഭ്യമാകുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇസ്‌ലാമാബാദിൽ വെച്ചാണ് കരാർ ഒപ്പിടുന്നതെങ്കിൽ താൻ പാകിസ്ഥാൻ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഇസ്‌ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകളിൽ യുറേനിയം സമ്പുഷ്ടീകരണ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ സാധിച്ചിരുന്നില്ല.
യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് നിർത്തിവെക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളിയിരുന്നു. അഞ്ച് വർഷത്തേക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്താമെന്നായിരുന്നു ഇറാന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറായെന്ന ട്രംപിന്റെ പുതിയ അവകാശവാദം.
എന്നാൽ ആണവായുധം നിർമ്മിക്കാൻ ഇറാൻ ലക്ഷ്യമിടുന്നില്ലെന്നും തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്. ട്രംപിന്റെ പുതിയ അവകാശവാദത്തോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.










0 comments