ഇന്ധന വിപണിയിൽ ആശങ്ക കത്തിപ്പടരുന്നു
ഹോര്‍മുസ് അടഞ്ഞു തന്നെ കിടക്കുമെന്ന് ഇറാൻ; പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയുടെ കയ്യിലെന്ന് ട്രംപ്

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘര്‍ഷം പൂര്‍ണ്ണമായും ഹോര്‍മുസിലേക്ക് കേന്ദ്രീകരിക്കുന്നു. ഹോര്‍മുസിന്റെ പൂര്‍ണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തി.
ഇറാന്റെ ആണവ പദ്ധതി ഇപ്പോൾ ഭീഷണിയല്ലെന്നും ഹോര്‍മുസ് തുറക്കലാണ് പ്രധാനമെന്നും യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഹോര്‍മുസ് പൂര്‍ണമായും തുറക്കുകയാണെങ്കിൽ യുദ്ധത്തിൽ നിന്നും പിൻമാറാം എന്നും പ്രസ്താവിച്ചു. ഇതിനെതിരെ, ആദ്യം തങ്ങൾ മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കൂ എന്ന് ഇറാൻ പ്രതിവചിച്ചു. ഇതിനെതിരെയാണ് ഹോര്‍മുസിന്റെ പൂര്‍ണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്.
ഇതോടെ പശ്ചിമേഷ്യൻ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിനെ ചുറ്റിയുള്ള തര്‍ക്കത്തിലും ബലാബലത്തിലും കൂടുതലായി കേന്ദ്രീകരിക്കയാണ്. ഇത് ക്രൂഡ് ഓയിൽ നീക്കത്തിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. എണ്ണവില വര്‍ധന ലോകത്തിന്റെ നെഞ്ചിടിപ്പേറ്റുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘര്‍ഷത്തെ ഹോര്‍മുസിലേക്ക് കേന്ദ്രീകരിക്കയും പതിയെ അതിൽ നിന്നും തലയൂരുക എന്ന എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കയുമാണ് ട്രംപിന്റെ ലക്ഷ്യമെന്നും വിലയിരുത്തലുകളുണ്ട്. ഹോര്‍മുസ് ഒരു നയതന്ത്ര വിഷയം എന്ന നിലയിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു.
ട്രംപ് പറഞ്ഞത്
ഹോര്‍മുസിന്റെ പൂര്‍ണ നിയന്ത്രണം തങ്ങൾക്കാണെന്നും അത് തുടര്‍ന്നും നിലനിര്‍ത്തമെന്നുമാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അവകാശപ്പെട്ടത്. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിച്ചുകൊണ്ട് അമേരിക്കൻ നാവികസേന തീർത്ത നാവിക ഉപരോധം ഒരു "ഉരുക്ക് മതിൽ" ആണെന്നും ഇതിനെതിരെ ഒന്നും ചെയ്യാൻ ഇറാന് സാധിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ അവകാശപ്പെട്ടു.
ഇറാന് നിലവിൽ നാവിക സേനയോ വ്യോമസേനയോ ഇല്ല. ശേഷിക്കുന്ന സൈനികര്‍ക്ക് വേതനമില്ല. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പിന്തിരിഞ്ഞ് ഓടുകയാണ്. രാജ്യത്ത് 300 ശതമാനം നാണയപ്പെരുപ്പം നിലനിൽക്കുന്നു എന്നിങ്ങനെയായുരുന്നു വീണ്ടും വാക്കുകൾ.
ഇറാൻ പറഞ്ഞത്
അമേരിക്കൻ പ്രസ്താവന പൂര്‍ണമായും തള്ളിയ ഇറാൻ യു എസ് ഉപരോധവും ആക്രമണങ്ങളും പൂര്‍ണമായും അവസാനിക്കുന്നത് വരെ ഹോര്‍മുസ് ഗതാഗതത്തിന് അനുവദിക്കുന്ന പ്രശ്നമില്ലെന്ന് ആവര്‍ത്തിച്ചു. കപ്പലുകൾ കടലിടുക്കിൽ കൂടുതൽ ആക്രമണ ഭീഷണി നേരിടുകയാണ്. 20 ശതമാനം എണ്ണ ഗാതാഗതവും കയ്യാളിയിരുന്ന കടൽപാതയാണ്.
ഇടക്കാലത്ത് ഒമാനുമായി ചേര്‍ന്ന് ഈ പാത ഭാഗികമായി തുറക്കാൻ ഇറാൻ സമ്മതിച്ചിരുന്നു. ഒരു വശത്തേക്ക് ഒമാൻ തീരം ചേര്‍ന്നും മറുവശത്തേക്ക് ഇറാൻ തീരം ചേര്‍ന്നും എന്നായിരുന്നു ഉപാധി. ട്രംപ് അവകാശവാദവും ആക്രമണവും ആവര്‍ത്തിച്ചതോടെ പദ്ധതി നിശ്ചലമായി.
പ്രതിമാസം ശരാശരി 3000 ൽ അധികം കപ്പലുകളാണ് ഹോര്‍മുസ് വഴി കടന്നു പോകുന്നത്. 21 നോട്ടിക്കൽ മൈൽ മാത്രം വീതിയുള്ള കടലിടുക്കാണ്.
യൂറോപ്യൻ രാജ്യങ്ങളിലും ഇന്ധന വില ഉയരുന്ന സാഹചര്യമാണ്. ഇറ്റലിയിൽ ക്രൂഡ് ഓയിൽ വിലയിൽ എട്ട് ശതമാനവും പാചക വാതക വിലയിൽ അഞ്ച് ശതമാനവും വര്‍ധനയുണ്ടായി.










0 comments