എച്ച്-1ബി വിസ ഫീസിൽ വൻ വർധനയുമായി ട്രംപ്; ടാറ്റയും ഇൻഫോസിസും പ്രതിസന്ധിയിൽ

വാഷിംഗ്‌ടൺ: അമേരിക്കയിൽ ഇന്ത്യൻ ഐടി കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എച്ച്-1ബി വിസയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 85 ലക്ഷം രൂപ) അധിക ഫീസ് ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
അമേരിക്കൻ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് ഈ ഫീസ് വർധന നടപ്പിലാക്കുന്നത്. ഈ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികളെയാണ്.
നിലവിൽ എച്ച്-1ബി വിസകൾക്കായി കമ്പനികൾ നൽകുന്ന തുകയേക്കാൾ പത്തിരട്ടിയിലധികം വർധനവാണ് പുതിയ നിർദ്ദേശപ്രകാരം ഉണ്ടാകുക. വിദേശത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നത് ചെലവേറിയതാക്കി മാറ്റി കമ്പനികളെക്കൊണ്ട് അമേരിക്കൻ പൗരന്മാരെത്തന്നെ നിയമിക്കാൻ നിർബന്ധിതരാക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം.
ഓരോ വിദേശ തൊഴിലാളിയെ നിയമിക്കുമ്പോഴും നൽകേണ്ടി വരുന്ന ഈ ഭീമമായ തുക ഇന്ത്യൻ ഐടി കമ്പനികളുടെ ലാഭക്ഷമതയെ സാരമായി ബാധിക്കും. ഇത് ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയെയും ഐടി മേഖലയിലെ തൊഴിലവസരങ്ങളെയും കുറയ്ക്കാൻ കാരണമാകുന്ന തീരുമാനമാണ്.
നേരത്തെ തന്നെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യൻ ഐടി കമ്പനികൾ ലക്ഷക്കണക്കിന് തൊഴിലാളികളെയാണ് ഓരോ വർഷവും എച്ച്-1ബി വിസ വഴി നിയോഗിക്കുന്നത്.
പുതിയ ഫീസ് പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്കൻ കമ്പനികൾ ഇന്ത്യൻ ഐടി സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രോജക്ടുകളുടെ ചെലവും വർധിക്കും. ഇത് ആഗോള വിപണിയിൽ ഇന്ത്യൻ ഐടി മേഖല നേരിടുന്ന വെല്ലുവിളി വർധിപ്പിച്ചിരിക്കുകയാണ്.










0 comments