ഇറാൻ വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു; യുദ്ധം ഉടൻ തീര്‍ത്തു തരാമെന്ന് ട്രംപ്

വാഷിങ്ടൺ: യു എസ് ഇടക്കാല തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇറാനുമായുള്ള യുദ്ധം അനിശ്ചിതമായി തുടരുന്നതിൽ സ്വയം പ്രതിരോധം തീര്‍ത്ത് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. എഴുമാസമായി തുടരുന്ന യുദ്ധം രാജ്യത്ത് ട്രംപിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ച സാഹചര്യമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന റിപ്പബ്ലിക്കൻ പാര്‍ടിയുടെ നാഷണൽ കൺവെൻഷനിലേക്ക് പുറപ്പെടുന്നതിനിടെ യുദ്ധം ഉടൻ തീര്‍ക്കുമെന്ന് ട്രംപ് ഉറപ്പ് നൽകി.
ഇടക്കാല തെരഞ്ഞെടുപ്പോടെ യുദ്ധവും അവസാനിപ്പിക്കും എന്നാണ് വാക്കുകൾ. ഒരാഴ്ചക്കകം ഇറാനെ ഇല്ലാതാക്കും എന്നവകാശപ്പെട്ട് ഇസ്രയേൽ സമ്മര്‍ദ്ദത്തിന് വഴങ്ങി തുടങ്ങിയ യുദ്ധമാണ്. മുൻ പ്രസിഡന്റുമാര്‍ തള്ളിയ യുദ്ധമെന്ന് രാജ്യത്തിനകത്ത് തന്നെ വിമര്‍ശനം നേരിട്ടിരുന്നു. വോട്ടര്‍മാര്‍ അകലുന്ന സാഹചര്യത്തിലാണ് ഇറാന്റെ സ്വാധീന ശ്രമത്തെ കുറിച്ചുള്ള പരാമര്‍ശം.
സാമ്പത്തിക ഉപരോധം മൂലം പ്രയാസത്തിലായ ഇറാൻ തകര്‍ന്നിരിക്കയാണ്. അവര്‍ യു എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കയാണ്. എന്നാൽ അവര്‍ക്ക് കൂടുതൽ കാലം പിടിച്ചു നിൽക്കാനാവില്ല എന്ന് ട്രംപ് പറഞ്ഞു. യുദ്ധത്തിനെതിരായ വികാരത്തെ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി പ്രതിരോധിക്കയാണ്.
ഇറാൻ യുദ്ധം ഇപ്പോൾ ഏഴാം മാസത്തിലേക്ക് കടന്നു. പോരാട്ടം രൂക്ഷമായ സാഹചര്യമാണ്. ഹോര്‍മുസ് കേന്ദ്രമാക്കിയാണ് യുദ്ധം തുടരുന്നത്. ഇറാന്റെ അഞ്ച് എണ്ണ കപ്പലുകൾ യു എസ് തകര്‍ത്തു. ഇതിന് മറുപടിയായി പത്ത് കപ്പലുകൾ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു. ഒരു മുങ്ങികപ്പൽ പിടിച്ചെടുത്തതായും അവകാശപ്പെട്ടു.
ഇതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് വില ജൂലൈക്ക് ശേഷം ആദ്യമായി ബാരലിന് 100 ഡോളർ കടക്കുകയും ചെയ്തു.
ഇറാൻ യുദ്ധം അമേരിക്കയിലും വിലക്കയറ്റവും അതൃപ്തിയും സൃഷ്ടിച്ചിട്ടുണ്ട്. സര്‍വേകളിൽ ട്രംപിന്റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലാണ്. നവംബര്‍ മൂന്നിനാണ് ഇടക്കാല തെരഞ്ഞെടുപ്പ് വരുന്നത്.










0 comments