ad
Deshabhimani

വൈദ്യുതി പ്രതിസന്ധി; വകുപ്പിന് വീഴ്ച, കെഎസ്ഇബിക്ക് ഏകോപനമില്ല: കെ കൃഷ്ണൻകുട്ടി

k krishnankutty
വെബ് ഡെസ്ക്

Published on Sep 10, 2026, 11:11 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം വകുപ്പിന്റെ വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കെഎസ്ഇബി, റെ​ഗുലേറ്ററി കമീഷൻ, വൈദ്യുതി വകുപ്പിന്റെ ഓഫീസ് എന്നിവ തമ്മിൽ ഏകോപനമില്ല. എൽനിനോ വർഷം എന്ന് നേരത്തെ തന്നെ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും മുന്നൊരുക്കങ്ങൾ നടത്തിയില്ല. 2023ൽ ഇതേ സാഹചര്യമുണ്ടായിരുന്നു. അന്ന് എൽഡിഎഫ് സർക്കാർ എല്ലാ ആഴ്ചയും ഉന്നതതല യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സാഹചര്യങ്ങൾ മുൻകൂട്ടികണ്ട് കൃത്യമായ ഇടപെടലുകൾ നടത്തിയതിനാലാണ് അന്ന് അത്രയും പ്രതിസന്ധിയിലേക്ക് പോകാതിരുന്നതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.


അന്ന് വകുപ്പുകളെയും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെയും ഞാൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. 1500 മെ​ഗാ വാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സംവിധാനം കേരളത്തിലൊരുക്കാൻ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ആദ്യ ഘട്ടം സെപ്തംബറിൽ പൂർത്തിയാക്കേണ്ടതാണ്. അതിൽ അനക്കമില്ല. അത് നടപ്പാക്കുകയാണെങ്കിൽ പവർ കട്ടിന്റെ ആവശ്യമില്ല. എന്നാൽ ബാറ്ററി സ്റ്റോറേജിൽ ഒരു നടപടികളും ആരംഭിച്ചിട്ടില്ല. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ എൽഡിഎഫ്‌ സർക്കാർ റദ്ദാക്കിയെന്നാണ് വ്യാജ പ്രചാരണം. എന്നാൽ റെ​ഗുലേറ്ററി കമീഷനാണ് സുപ്രീം കോടതിയിൽ റദ്ദ് ചെയ്തതെന്നും അതിന്റെ കേസ് നടപടി ക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് വേനൽക്കാലമായതിനാൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിരുന്നു. അന്ന് വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയവർ, ഇപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പവർകട്ട് നടത്തുകയാണ്. ഔദ്യോഗിക സൈറ്റുകളിൽ നൽകിയിട്ടുള്ള വൈദ്യുതി മന്ത്രിയുടെ നമ്പർ പോലും ഇതുവരെ മാറ്റിയിട്ടില്ലെന്നും, രാത്രികാലങ്ങളിൽ ഉൾപ്പെടെ ഇപ്പോഴും ജനം പരാതി പറയാൻ വിളിക്കുന്നുണ്ടെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home