ഇ ഡിയുടെ നീക്കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം മറുപടി പറയണം: എൽഡിഎഫ് കൺവീനർ

ടി പി രാമകൃഷ്ണൻ
കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് കരാറിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തുന്ന രാഷ്ട്രീയവേട്ടയാടൽ സിപിഐ എമ്മിനെ മുന്നണിയെയോ ബാധിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പിണറായി വിജയനെ പുകമറയിൽ നിർത്താൻ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. ലാവ്‍ലിൻ കേസിലുടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തന്നെ തകർക്കാൻ ശ്രമമുണ്ടായി. പിണറായിയിലൂടെ സിപിഐ എമ്മിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളോട് തങ്ങളുടെ സമീപനമെന്തെന്ന് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
വീണയ്ക്കെതിരായ പരാതി ആണെങ്കിൽ പിന്നെന്തിനാണ് 10 വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും ഇപ്പോൾ പ്രതിപക്ഷനേതാവുമായ പിണറായിയുടെ വീട്ടിൽകയറി പരിശോധന നടത്തിയത്. പരിശോധന അവസാനിക്കുന്നത് വരെയും പിണറായിയെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ വീടും റെയ്ഡ് ചെയ്തു. ഇതിന്റെയൊക്കെ അർത്ഥമെന്താണ്. ഇത്രയുമെല്ലാം ചെയ്തിട്ടും പിണറായിക്കെതിരെ ഒരു കേസെടുക്കാൻ ഇ ഡിക്ക് കഴിഞ്ഞില്ല. ഇ ഡിയുടെ വഴിവിട്ട നീക്കങ്ങൾക്ക് മാധ്യമങ്ങൾ പിന്തുണ നൽകുകയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.









0 comments