ട്രംപിന്റെ ചൈന സന്ദർശനം: ആശങ്കയില്ലെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രി

പ്രതീകാത്മക ചിത്രം | Stephen Lam/REUTERS
തായ്‌പേയ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബീജിംഗ് സന്ദർശന വേളയിൽ തായ്‌വാൻ വിഷയത്തിൽ അപ്രതീക്ഷിത പ്രഖ്യാപനങ്ങളോ നീക്കങ്ങളോ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി ലിൻ ചിയാ-ലങ്. ബുധനാഴ്ച ആരംഭിക്കുന്ന ട്രംപിന്റെ ചൈന സന്ദർശനത്തെ അതീവ ജാഗ്രതയോടെയാണ് ലോകം വീക്ഷിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ തായ്‌വാൻ വിഷയം പ്രധാന ചർച്ചയാകുമെന്ന് ഉറപ്പാണ്. എങ്കിലും അമേരിക്കയുമായുള്ള ദീർഘകാല ബന്ധം സുസ്ഥിരമായി തുടരുമെന്ന് ലിൻ ചിയാ-ലങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി തായ്‌വാൻ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തീരുമാനങ്ങൾ സന്ദർശനത്തിൽ ഉണ്ടായേക്കുമോ എന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
തായ്‌വാന്റെ സ്വയം പ്രതിരോധത്തിന് ആവശ്യമായ ആയുധങ്ങൾ നൽകാൻ അമേരിക്ക നിയമപരമായി ബാധ്യസ്ഥരാണെന്ന് വിദേശകാര്യമന്ത്രി ലിൻ ചിയാ-ലങ് ഓർമിപ്പിച്ചു. തായ്‌വാൻ നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് അമേരിക്ക ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ചൈന നിരന്തരം ഈ വിഷയം ഉന്നയിക്കുന്നത് മേഖലയിൽ വലിയ അസ്ഥിരതക്ക് കാരണമാകുന്നുണ്ട്. തായ്‌വാന്റെ പ്രധാന ആയുധദാതാവായ അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം ശക്തമായി തുടരുമെന്നും മേഖലയിലെ സമാധാനം നിലനിർത്തുന്നതിൽ യുഎസിന്റെ പങ്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി തായ്‌വാന് ചുറ്റുമുള്ള സൈനിക പട്രോളിംഗ് ചൈന ശക്തമാക്കിയിട്ടുണ്ട്. 'തായ്‌വാൻ സ്വാതന്ത്ര്യം' എന്ന ആവശ്യം വെച്ചുപൊറുപ്പിക്കില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. പശ്ചിമേഷ്യൻ യുദ്ധവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ട്രംപിന്റെ ഈ ബീജിംഗ് യാത്ര ഏഷ്യൻ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ നിർണായകമാകും.










0 comments