ad
Deshabhimani

'മിസൈലുകള്‍ക്ക് ലക്ഷ്യബോധമില്ല'; മിനാബിലെ സ്കൂൾ ആക്രമണത്തിന് കാരണക്കാര്‍ ഇറാൻ തന്നെയെന്ന് ട്രംപ്

minab trump
വെബ് ഡെസ്ക്

Published on Mar 08, 2026, 07:39 AM | 1 min read

വാഷിംഗ്ടൺ: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മാരകമായ മിസൈൽ ആക്രമണത്തിന് കാരണക്കാർ ഇറാൻ തന്നെയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ പക്കലുള്ള മിസൈലുകൾക്ക് ഒട്ടും കൃത്യതയില്ലെന്നും അതുകൊണ്ടാണ് സ്വന്തം നാട്ടിലെ സ്കൂളിൽ തന്നെ അവ പതിച്ചതെന്നും ട്രംപ് പരിഹസിച്ചു. ശനിയാഴ്ച എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


"ഈ ആക്രമണം നടത്തിയത് ഇറാൻ തന്നെയാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇറാന്റെ ആയുധങ്ങൾക്ക് യാതൊരു ലക്ഷ്യബോധവുമില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. അവർക്ക് കൃത്യതയോടെ ഒന്നും ചെയ്യാനാവില്ല," ട്രംപ് പറഞ്ഞു.


കഴിഞ്ഞ ശനിയാഴ്ചയാണ് തെക്കൻ ഇറാനിലെ മിനാബ് കൗണ്ടിയിലുള്ള പ്രൈമറി സ്കൂളിന് നേരെ ആക്രമണമുണ്ടായത്. അപകടത്തിൽ വിദ്യാർഥികളടക്കം 150-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്കയോ ഇസ്രായേലോ ഏറ്റെടുത്തിട്ടില്ല. സംഭവം അന്വേഷിച്ചുവരികയാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, ആക്രമണത്തിന് പിന്നിൽ വാഷിംഗ്ടൺ ആണെന്ന് ഇറാൻ ആരോപിച്ചു.


അമേരിക്കൻ സൈനിക താവളത്തിൽ നിന്ന് തൊടുത്ത മിസൈലുകളാണ് സ്കൂളിൽ പതിച്ചതെന്ന് ആരോപിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ് കഴിഞ്ഞ ദിവസം യുഎഇയിലെ അൽ-ദഫ്ര വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. എന്നാൽ സ്കൂളുകൾ തങ്ങൾ മനപ്പൂർവ്വം ലക്ഷ്യം വെക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സ്കൂളിന് സമീപമുള്ള ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നാവിക താവളം ലക്ഷ്യമിട്ട് നടത്തിയ യുഎസ് നീക്കത്തിനിടെ സംഭവിച്ചതാകാം ഈ ദുരന്തമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home