തെരഞ്ഞെടുപ്പ് തോൽവിയിൽ അടിപതറി; പഴിചാരി ട്രംപ്, ചീഫ് ഓഫ് സ്റ്റാഫിനെ പുറത്താക്കി

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, തോൽവിയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കവുമായി ഡോണൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ ട്രംപ് സ്ഥാനത്തുനിന്നും പുറത്താക്കി. കടുത്ത കുടിയേറ്റ വിരുദ്ധനും തീവ്ര വർഗീയ-മുതലാളിത്ത നയങ്ങളുടെ വക്താവുമായ സ്റ്റീഫൻ മില്ലറാണ് പുതിയ ചീഫ് ഓഫ് സ്റ്റാഫ്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സൂസി വൈൽസിന്റെ സ്ഥാനച്ചലനം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മില്ലർ ചുമതലയേൽക്കും. തൊഴിലാളികൾക്കും കുടിയേറ്റക്കാർക്കുമെതിരെ വൈറ്റ് ഹൗസ് നടപ്പിലാക്കിയ ജനദ്രോഹ നയങ്ങളുടെ പ്രധാന ശില്പികളിലൊരാളാണ് സ്റ്റീഫൻ മില്ലർ.
ജനങ്ങളുടെ പ്രതിഷേധം വോട്ടായി മാറിയപ്പോൾ സെനറ്റിലും ഹൗസ് ഓഫ് പ്രതിനിധികളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയേറ്റിരുന്നു. ഏറ്റവും വലിയ തോൽവിയാണ് ട്രംപിന്റെ പാർട്ടി നേരിട്ടത്. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്നും ട്രംപ് ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് മില്ലറുടെ നിയമനമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ പ്രതികരിച്ചു.
വംശീയ അധിക്ഷേപങ്ങൾക്കും അഭയാർത്ഥി വേട്ടയ്ക്കും കുപ്രസിദ്ധി ആർജ്ജിച്ച ആളാണ് സ്റ്റീഫൻ മില്ലർ. ട്രംപിന്റെ ആദ്യ ഭരണകാലത്തെ മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക്, കുടിയേറ്റക്കാരുടെ കുടുംബങ്ങളെ വേർപിരിക്കൽ തുടങ്ങിയ മനുഷ്യത്വരഹിതമായ തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് മില്ലറായിരുന്നു. അങ്ങനെയൊരാളെ ചീഫ് ഓഫ് സ്റ്റാഫാക്കുന്നതിലൂടെ ഭരണകൂടത്തിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങൾ കൂടുതൽ കടുപ്പിക്കുമെന്ന വ്യക്തമായ സൂചനയാണ് ട്രംപ് നൽകുന്നത്.








0 comments